LiveTV

Live

Kerala

ഐസൊലേഷനിലുള്ളവർക്ക് ഭക്ഷണമെന്ന് സർക്കാർ; മഞ്ചേരി മെഡിക്കൽ കോളജില്‍ ഭക്ഷണം നല്‍കുന്നത് സംഘടനകള്‍

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മികച്ച നിലവാരത്തിൽ ഭക്ഷണം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഈ സംവിധാനമില്ല.  .

ഐസൊലേഷനിലുള്ളവർക്ക് ഭക്ഷണമെന്ന് സർക്കാർ; മഞ്ചേരി മെഡിക്കൽ കോളജില്‍ ഭക്ഷണം നല്‍കുന്നത് സംഘടനകള്‍

കോവിഡ് പ്രത്യേക കേന്ദ്രമാക്കി മാറ്റിയ മഞ്ചേരി ഗവ.മെഡിക്കൽ കോളജിലേക്ക് മുടങ്ങാതെ ഭക്ഷണവും വെള്ളവുമെത്തിച്ച് നൽകുന്നത് സന്നദ്ധ സംഘടനകളും കൂട്ടായ്മകളുമാണ്. ഐസൊലേഷനിൽ കഴിയുന്നവർക്ക് മികച്ച ഭക്ഷണം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഇത് നടപ്പിലാക്കുന്നില്ലെന്ന് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു.

എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണമാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്നദ്ധ സംഘടനകൾ എത്തിക്കുന്നത്. നേരത്തെ മുതൽ മെഡിക്കൽ കോളേജിൽ നിരാലംബർക്ക്‌ ഭക്ഷണം നൽകി വന്നിരുന്ന സന്നദ്ധ സംഘടനകൾ പക്ഷേ ഈ ലോക്ഡൗൺ കാലത്ത് വലിയ പ്രതിസന്ധിയിലാണ്. തുടക്കത്തിൽ ഏതാനും രോഗികൾക്ക് മാത്രമാണ് ഭക്ഷണം നൽകിയിരുന്നത് എങ്കിലും ദിനംപ്രതി രോഗികളുടെ എണ്ണം കൂടിവരുന്നത് സന്നദ്ധ പ്രവർത്തകർക്ക് വലിയ പ്രതിസന്ധിയാണ്.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മികച്ച നിലവാരത്തിൽ ഭക്ഷണം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഈ സംവിധാനമില്ല. ഇതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പദ്ധതി നടപ്പിലായിട്ടില്ല.

മഞ്ചേരി സോളിഡാരിറ്റി സേവന കേന്ദ്രത്തിൽ, സെൻട്രൽ മസ്ജിദ് കമ്മിറ്റി, ആൾ കേരള കാറ്ററിങ് അസോസിയേഷൻ ജില്ല കമ്മിറ്റി, യൂത്ത്‌ലീഗ്, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരാണ് 5 നേരം വിഭവ സമൃദ്ധമായ ഭക്ഷണം നൽകി വരുന്നത്. രോഗികൾക്ക് പുറമെ മെഡിക്കൽ കോളേജ് ജീവനക്കാർക്കും, അതിഥി തൊഴിലാളികൾക്കും ഇവർ ഭക്ഷണം നൽകി വരുന്നുണ്ട്. രോഗികളുടെ ഭക്ഷണ കാര്യത്തിൽ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യം.