LiveTV

Live

Kerala

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് ബാധിതരുടെ പ്രദേശങ്ങളില്‍ ‍ഡബിള്‍ ലോക്ക്ഡൌണുമായി കോഴിക്കോട്

ഈ മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ മേഖലയിലുളളവര്‍ അടിയന്തര വൈദ്യസഹായത്തിനല്ലാതെ പുറത്തു പോകാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് ബാധിതരുടെ പ്രദേശങ്ങളില്‍ ‍ഡബിള്‍ ലോക്ക്ഡൌണുമായി കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ നിന്നും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് ബാധിതരുടെ പ്രദേശങ്ങളില്‍ ‍ഡബിള്‍ ലോക്ക് ഡൌണുമായി ജില്ലാ ഭരണകൂടം. ഈ മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ മേഖലയിലുളളവര്‍ അടിയന്തര വൈദ്യ സഹായത്തിനല്ലാതെ പുറത്തു പോകാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നാലു പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥീരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയനടപടി.

കോഴിക്കോട് കോര്‍പ്പറേഷനിലെ 42, 43, 44, ,45, 54, 55, 56 വാര്‍ഡുകള്‍ക്കു പുറമേ ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കായക്കൊടി പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വാര്‍ഡുകളിലെ റോഡുകളില്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനമില്ല. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ രാവിലെ എട്ടു മണി മുതല്‍ പതിനൊന്ന് മണി വരെയേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. റേഷന്‍ കടകള്‍ എട്ടു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും. വീടിന് പുറത്ത് ആളുകള്‍ കൂടി നില്‍ക്കാന്‍ പാടില്ല.

ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പുറത്തു നിന്നും അവശ്യവസ്തുക്കള്‍ വാങ്ങണമെങ്കില്‍ ആര്‍ആര്‍ടി അംഗങ്ങളുടെ സഹായം തേടാം. ഈ പ്രദേശങ്ങള്‍ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഈ മേഖലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.