LiveTV

Live

Kerala

ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി... പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും ചര്‍ച്ചയിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെയുണ്ടായിരുന്നു. 

ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി... പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ചര്‍ച്ച നടത്തിയപ്പോള്‍ സമ്പന്നരോട് മാത്രമാണ് ചര്‍ച്ച നടത്തിയതെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആക്ഷേപത്തിന് പരിഹാസ ഭാഷയില്‍ മറുപടി പറഞ്ഞ് പിണറായി വിജയന്‍. ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിലര്‍ എത്ര കാലം മാറിയാലും ഒരു തരത്തിലും മാറില്ല എന്നതിന്റെ തെളിവാണിത്. മുല്ലപ്പള്ളി ഇന്ന് കെ.പി.സി.സി അധ്യക്ഷനാണ്. കോണ്‍ഗ്രസിന്റെ ശബ്ദമാണ് അദ്ദേഹത്തിലൂടെ പുറത്തു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുമായി നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. യഥാര്‍ഥത്തില്‍ മുല്ലപ്പള്ളി കഥ അറിയാതെ ആട്ടം കാണുകയാണ്. ഇന്ത്യക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും ചര്‍ച്ചയിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെ ചര്‍ച്ചയുടെ ഭാഗമായി. ആദ്യ ഘട്ടത്തില്‍ അതത് പ്രദേശങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും അവരുടെ അഭിപ്രായം ആരാഞ്ഞു കൊണ്ടും ലോക കേരള സഭാ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷമായിരുന്നു പ്രവാസി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയത്. ശതകോടീശ്വരന്‍മാര്‍ മാത്രമല്ല, നിരവധി സാധാരണക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മലയാളികള്‍ക്ക് വേണ്ടി ഇടപെടുന്നവരാണ് മുല്ലപ്പള്ളി പറഞ്ഞ കോടീശ്വരന്‍മാരും മറ്റ് സാധാരണക്കാരും. പ്രവാസി സഹോദരങ്ങള്‍ക്ക് കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. അതിനെ പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഈ കരുതലിനെ ഇത്രയും ഇടുങ്ങിയ മനസോടെ കാണുന്നതും ആക്ഷേപിക്കുന്നതും ഈ ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നു. സാധാരണ ഇത്തരം പരാമര്‍ശങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയാറാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.