LiveTV

Live

Kerala

‘’അതിർത്തി കടന്ന് വയനാട്ടിലേക്ക്‌ ചികിത്സക്കായി വരാം, തടയില്ല:’’ കര്‍ണാടകയിലെ ജനങ്ങളോട് വയനാട് കലക്ടര്‍

‘’ഒരു സംസ്ഥാനത്തെ ഭരണകൂടത്തെക്കാൾ വളരുന്നു, മറ്റൊരു സംസ്ഥാനത്തെ ഒരു ജില്ലയുടെ കലക്ടർ’’- വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്

‘’അതിർത്തി കടന്ന് വയനാട്ടിലേക്ക്‌ ചികിത്സക്കായി വരാം, തടയില്ല:’’ കര്‍ണാടകയിലെ ജനങ്ങളോട് വയനാട് കലക്ടര്‍

കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ഭീതിയും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൌണിനും ഇടയില്‍ കേരളത്തില്‍ നിന്നുള്ളവരുടെ യാത്രയും ചികിത്സയും മുടക്കി അതിര്‍ത്തികളില്‍ മണ്ണിട്ട് തടസ്സമുണ്ടാക്കി കൊണ്ടിരിക്കുകയാണ് കര്‍ണാടക. കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന് മംഗലാപുരത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തുവെങ്കിലും അതിര്‍ത്തികളിലെ മണ്ണ് നീക്കാന്‍ ഇപ്പോഴും കര്‍ണാടക തയ്യാറായിട്ടില്ല. അതിനിടയില്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ ഉറപ്പുവരുത്തുകയാണ് വയനാട് ജില്ലാ കലക്ടര്‍ ആദീല അബ്ദുല്ല.

‘’ഒരു സംസ്ഥാനത്തെ ഭരണകൂടത്തെക്കാൾ വളരുന്നു, മറ്റൊരു സംസ്ഥാനത്തെ ഒരു ജില്ലയുടെ കലക്ടർ‘’

ജില്ലാ കലക്ടറുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ഹാരിസ് കെ. എം ഇട്ട ഫെയ്സ്‍ ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. ഹാരിസ് കെ. എമ്മിന്റെ ഫെയ്സ്‍ബുക്ക് പോസ്റ്റ് വായിക്കാം:

‘’അതിർത്തി കടന്ന് വയനാട്ടിലേക്ക്‌ ചികിത്സക്കായി വരാം, തടയില്ല:’’ കര്‍ണാടകയിലെ ജനങ്ങളോട് വയനാട് കലക്ടര്‍

കയ്യടിക്കെടാ !!!

റോഡിൽ മണ്ണിട്ട്‌ മൂടുന്നവർക്ക്‌ ഈ കലക്ടറിൽ നിന്ന് വേറിട്ടൊരു പാഠം പഠിക്കാനുണ്ട്‌.

ഈ തോണി കേരളത്തിലാണുള്ളത്‌.

രണ്ട്‌ മിനിറ്റ്‌ തോണി തുഴഞ്ഞാൽ കബനി മുറിച്ച്‌ കടന്ന് കർണാടകയിൽ എത്തും.

വയനാട്ടിലെ പെരിക്കല്ലൂർ കടവും, കർണ്ണാടകയിലെ ബൈരക്കുപ്പയും കബനിയുടെ അപ്പുറവും ഇപ്പുറവും മുഖത്തോടുമുഖം നോക്കി നിൽക്കുന്ന രണ്ട്‌ ഗ്രാമങ്ങളാണ്‌.

കേരളത്തിലെ സാഹചര്യമല്ല, അക്കരെ കർണാടകയിൽ.

പുഴയും വനവും വന്യജീവികളും ചുറ്റിയ കുഞ്ഞ്‌ ഗ്രാമങ്ങളിൽ കുറേ പാവം മനുഷ്യർ കഴിയുന്നുണ്ടവിടെ.

പാവങ്ങൾ മാത്രം താമസിക്കുന്ന ഒരു പ്രദേശം.

കൂടുതലും ഗോത്രവർഗ വനവാസികൾ, പിന്നെ കുറച്ച് കർഷകരും തൊഴിലാളികളും.

അവർക്ക് ഓരോ ദിവസവും ജീവിതത്തിലെ ഓരോ അധ്യായമാണ്.

അന്നന്നത്തേക്കുള്ളത് അന്നേ ദിവസം അധ്വാനിച്ച് കണ്ടെത്തേണ്ടി വരുന്ന പാവം മനുഷ്യർ.

അവരുടെ ജീവിത സാഹചര്യങ്ങൾ വളരെ ശോചനീയമാണ്‌.

ചികിൽസാ സൗകര്യങ്ങൾ ഇല്ല എന്നുതന്നെ പറയാം.

അവിടെയുള്ള ജനങ്ങൾ ചികിൽസക്കായി ഇടയ്ക്കൊക്കെ കടവ്‌ കടന്ന് ഇക്കരെവന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ പോകാറുണ്ട്‌. അല്ലെങ്കിൽ ബാവലി പാലം കടന്ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പോകാറുണ്ട്‌.

അതല്ലാതെ വേറൊരു നല്ല സൗകര്യമുള്ള ആശുപത്രിയിൽ പോകാൻ അവർക്ക്‌ എളുപ്പമല്ല.

വയനാട്‌ ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള കഴിഞ്ഞ ദിവസം ഒരു ഉത്തരവ്‌ പുറപ്പെടുവിച്ചു.

കോവിഡ്‌ കാലത്ത്‌ പുറത്തിറങ്ങുന്ന അനേകം ഉത്തരവുകൾക്കിടയിൽ, ഈ ഉത്തരവ്‌ വേറിട്ട്‌ നിൽക്കുന്നു.

ബൈരക്കുപ്പയിലെ ആളുകൾക്ക്‌ അതിർത്തി കടന്ന് വയനാട്ടിലേക്ക്‌ ചികിൽസക്കായി വരാം. അവരെ തടയില്ല. അവർക്ക് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം.

കോവിഡ്‌ ബാധയുടെ പ്രതിരോധത്തിനായി കനത്ത ലോക്ക്‌ഡൗണും മറ്റും നടപ്പാക്കുന്നതിനിടെ ഇറങ്ങിയ ഈ ഉത്തരവ്‌ ഒരുപാട്‌ പാവങ്ങൾക്ക്‌ വലിയൊരു പ്രതീക്ഷയാണ്‌.

അവരുടെ ജീവൻ നിലനിർത്താനുള്ള പിടിവള്ളിയാണ്‌.

ചികിൽസകിട്ടാതെ പിടഞ്ഞ്‌ തീരാനിടയുള്ള പല ജീവനുകളുടെയും ജീവിതത്തിലേക്കുള്ള തിരിഞ്ഞ്‌ നടത്തമാണ്‌.

ഇരുപത്തിയഞ്ച്‌ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഹിപ്പോക്രീറ്റസ്‌ എഴുതിയ ഒരു പ്രതിജ്ഞയുണ്ട്‌.

ഇന്നും ലോകമാകെ ഇതിന്റെ വകഭേദങ്ങളായ പ്രതിജ്ഞകൾ വൈദ്യശാസ്ത്ര പഠനം കഴിഞ്ഞവർ എടുക്കാറുണ്ട്‌.

അപ്പോളോ ദേവന്റെയും, വൈദ്യശാസ്ത്രത്തിന്റെ ഗ്രീക്ക്‌ ദൈവമായ അസ്ലെപിയൂസിന്റെയും, ഹൈജിയയുടേയും, സർവ്വരോഗശമനകാരിയായ പനാസിയയുടെയും, സർവ്വദൈവങ്ങളുടെയും നാമത്തിൽ ഹിപ്പോക്രീറ്റസ്‌ ചൊല്ലിയ പ്രതിജ്ഞയിൽ പറയുന്ന പ്രധാനപ്പെട്ടൊരു കാര്യം, ആർക്കും ചികിൽസ നിഷേധിക്കരുത്‌ എന്നതാണ്‌.

ആ പ്രതിജ്ഞയുടെ അന്തസത്ത ഉൾക്കൊണ്ട തീരുമാനമെടുത്ത വയനാട്‌ കലക്റ്റർ ഡോ അദീല അബ്ദുള്ളക്ക്‌ അഭിനന്ദനങ്ങൾ

അതിർത്തികളിൽ മണ്ണിട്ട്‌ മൂടുന്നവർക്ക്‌, അതിലൂടെ ചികിൽസ നിഷേധിക്കുന്നവർക്ക്‌, ഈ കലക്ടറിൽ നിന്ന് കുറേ പഠിക്കാനുണ്ട്‌

ഒരു സംസ്ഥാനത്തെ ഭരണകൂടത്തെക്കാൾ വളരുന്നു, മറ്റൊരു സംസ്ഥാനത്തെ ഒരു ജില്ലയുടെ കലക്ടർ, ഈയൊരു കനിവിന്റെ, കരുതലിന്റെ, കരുത്തുറ്റ ഉത്തരവിലൂടെ.

അതിർത്തി പാതയിൽ മണ്ണിട്ട് മൂടിയല്ല, അശരണർക്ക്‌ ആതുരസേവനം നൽകിയാണ്‌ കോവിഡിനെതിരെ പോരാടേണ്ടത്‌ എന്ന പാഠം ഇവിടെ കലക്ടർ അദീല പഠിപ്പിക്കുന്നുണ്ട്‌.

മുങ്ങിത്താഴ്‌ന്നു പോവാനിടയുള്ള ഒരു ജനവിഭാഗത്തിന്‌ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ജീവന്റെയും കരുതൽ കൊടുത്ത് അവരെ രക്ഷിച്ച പാഠം.

അത്‌ കാണാനും പഠിക്കാനും ഉള്ള വെളിച്ചം ചില ഹൃദയങ്ങളിൽ തെളിയട്ടെ എന്ന് പ്രാർത്ഥന.

ഇങ്ങനെയാണ്‌ മാതൃകകൾ സൃഷ്ടിക്കപ്പെടുന്നത്‌ ഭൂമിയിൽ.

കയ്യടിക്കെടാ !!! റോഡിൽ മണ്ണിട്ട്‌ മൂടുന്നവർക്ക്‌ ഈ കലക്റ്ററിൽ നിന്ന് വേറിട്ടൊരു പാഠം പഠിക്കാനുണ്ട്‌ ഈ തോണി...

Posted by Harish Km on Monday, April 6, 2020