LiveTV

Live

Kerala

കോവിഡ് 19 സംസ്ഥാന സാമ്പത്തികമേഖലക്ക് ഏല്‍പിച്ചത് കനത്ത ആഘാതം

ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മൂലം മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 3500 കോടിയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

കോവിഡ് 19 സംസ്ഥാന സാമ്പത്തികമേഖലക്ക് ഏല്‍പിച്ചത് കനത്ത ആഘാതം

കോവിഡ് 19 സംസ്ഥാന ഖജനാവിന് ഏല്‍പ്പിച്ചത് കനത്ത ആഘാതം. രോഗവ്യാപനം തടയുന്നതിനേര്‍പ്പെടുത്തിയ ലോക്ഡൌണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ മൂലം മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മൂവായിരത്തി അഞ്ഞൂറ് കോടിയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. ഇന്ധന നികുതിയിനത്തില്‍ 700 കോടി രൂപയുടെ നഷ്ടം. മദ്യവില്‍പന നിന്നു. വരുമാന നഷ്ടം 800 കോടി. അവശ്യസാധനങ്ങളും മരുന്നുമൊഴികെ മറ്റ് വ്യാപാരങ്ങള്‍ ഒന്നും നടക്കുന്നില്ല. ജിഎസ്ടിയില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതം ചേര്‍ത്താല്‍ ആകെ 1800 കോടിയോളം നഷ്ടം.

ഭൂമി രജിസ്ട്രേഷന്‍ നടക്കാത്തതിനാല്‍ നഷ്ടം 200 കോടി വരും. തനത് വരുമാനത്തില്‍ തന്നെ ആകെ 3500 കോടിയുടെ കുറവ്. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട കോവിഡ് മൂലം ഈ മാസവും കിട്ടുമെന്ന് ഉറപ്പില്ല. 3200 കോടിയാണ് രണ്ട് മാസത്തെ കുടിശ്ശിക. ലോട്ടറി വരുമാനം 1200 കോടിയുണ്ടെങ്കിലും ജിഎസ്ടി വര്‍ധിപ്പിച്ചതോടെ ലാഭമില്ലാത്ത നിലയാണ്. ഇപ്പോള്‍ നറുക്കെടുപ്പും നിര്‍ത്തി. എല്ലാം കൊണ്ടും കൊറോണ വൈറസ് ഖജനാവിന്റെ നടുവൊടിക്കുമെന്നുറപ്പായി.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കോവിഡ് ദുരിതാശ്വാസത്തിന് വേണ്ട പണം കൂടി കണ്ടെത്തേണ്ട നിലയിലാണ് സര്‍ക്കാര്‍. കേന്ദ്രത്തില്‍ നിന്നുള്ള കടം മുന്‍കൂര്‍ എടുത്താണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുന്നത്. ഇത് വരും മാസങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയാക്കും. വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. സാലറി ചാലഞ്ചിലൂടെ പിരിച്ചെടുക്കുന്ന പണത്തിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്ന് 3500 കോടി സാലറി ചാലഞ്ചിലൂടെ കിട്ടുമെന്നാണ് സര്‍ക്കാര്‍ കണക്ക്കൂട്ടല്‍.