LiveTV

Live

Kerala

ഡയാലിസിസ് മരുന്നുമായി വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞു

25 ലിറ്ററിന്റെ 15 കന്നാസുകളടങ്ങുന്ന മരുന്നുകളും മറ്റു സാമഗ്രികളും പൊലീസുദ്യോഗസ്ഥര്‍ ചുമന്ന് അതിര്‍ത്തി കടത്തേണ്ടിവന്നു

ഡയാലിസിസ് മരുന്നുമായി വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞു

കര്‍ണാടകയിലെ സിദ്ധാപുരം ആശുപത്രിയിലേക്ക് ഡയാലിസിസ് മരുന്നുമായി വയനാട്ടില്‍ നിന്ന് പോയ ആംബുലന്‍സ് തടഞ്ഞു. കര്‍ണാടകയിലെ കുട്ട ചെക്പോസ്റ്റിലാണ് ആംബുലന്‍സ് തടഞ്ഞത്.ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയിലുള്ളവരില്‍ 15 പേര്‍ മലയാളികളാണ്. ആംബുലന്‍സ് തടഞ്ഞതോടെ കാൽനടയായി കൊണ്ടുപോയാണ് മരുന്ന് ആശുപത്രിയിലെത്തിച്ചത്.

ലോക്ക്ഡൊണിനെ തുടര്‍ന്ന് വയനാട്ടിലെ തോൽപെട്ടി അതിർത്തിക്കടുത്ത കുട്ടയില്‍ കര്‍‍ണാടക റോഡ് മണ്ണിട്ട് മൂടിയിരുന്നു. മാനന്തവാടിയില്‍ നിന്ന് ഇതുവഴി അടിയന്തിര മരുന്നുകളുമായെത്തിയ ആംബുലന്‍സാണ് കര്‍ണാടക അധികൃതര്‍ തടഞ്ഞത്. സിന്ദാപുര ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള മരുന്നുകള്‍ കടത്തിവിടാന്‍ അധികൃതര്‍ തയ്യാറായില്ല. തുടർന്ന് 25 ലിറ്ററിന്റെ 15 കന്നാസുകളടങ്ങുന്ന മരുന്നുകളും മറ്റു സാമഗ്രികളും പൊലീസുദ്യോഗസ്ഥര്‍ ചുമന്നാണ് അതിര്‍ത്തി കടത്തിയത്.

മണ്‍കൂനകള്‍ക്കപ്പുറത്ത് 500 മീറ്ററോളം മരുന്നുമായി നടന്ന ശേഷം കുട്ട പൊലീസ് സ്റ്റേഷനിലെത്തിച്ചു, മണിക്കൂറുകള്‍ക്ക് ശേഷം സിദ്ധാപുരയില്‍‍ നിന്ന് മറ്റൊരു ആംബുലന്‍സ് എത്തിയാണ് മരുന്നുകള്‍ കൊണ്ടു പോയത്. കര്‍ണാടക ചികിത്സാ നിയന്ത്രണം ഒഴിവാക്കിയ വിവരം താഴെ തട്ടിലെത്താത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നടക്കം 15 ഓളം വൃക്ക രോഗികളാണ് സിദ്ധാപുര ആശുപത്രിയില്‍ ഡയാലിസിസ് കാത്തു കഴിയുന്നത്. ഇവര്‍ക്കുള്ള അവശ്യ മരുന്നുകള്‍ മാനന്തവാടിയില്‍ നിന്നാണ് എത്തിക്കാറുള്ളത്.