LiveTV

Live

Kerala

ഫോ​ട്ടോഗ്രാഫർക്കെതിരെ കേസെടുത്തത്​ പത്രസ്വാതന്ത്ര്യത്തിന്​ എതിരായ നീക്കമെന്ന് പത്രപ്രവർത്തക യൂണിയൻ

ഫോ​ട്ടോഗ്രാഫർക്കെതിരെ കേസെടുത്തത്​ പത്രസ്വാതന്ത്ര്യത്തിന്​ എതിരായ നീക്കമെന്ന് പത്രപ്രവർത്തക യൂണിയൻ

മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക പേജിൽ മുക്കത്ത് നിന്ന് എടുത്ത ഒരു വാർത്താ ചിത്രം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്കെതിരെ മുക്കം പൊലീസ് കേസെടുത്തതിൽ പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

കലാപത്തിന് കാരണമാകും വിധത്തിൽ പ്രകോപനമുണ്ടാക്കൽ, ശല്യമാകുന്ന സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

സ്വതന്ത്രമാധ്യമ പ്രവർത്തനം അസാധ്യമാക്കും വിധത്തിൽ നിസാര സംഭവങ്ങളിൽ പോലും ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസെടുക്കുന്നത് അനുവദിക്കാനാവില്ല. മാധ്യമപ്രവർത്തകർ അധികാരികളുടെ താൽപര്യത്തിനനുസരിച്ച് വാർത്തകൾ എഴുതണമെന്നും ചിത്രം എടുക്കണമെന്നും പറയുന്നതിന് തുല്യമാണിത്.

ഈ സാഹചര്യത്തിൽ ഫോട്ടോഗ്രാഫർക്കെതിരായ മുക്കം നഗരസഭാ ചെയർമാൻ്റെ പരാതി പിൻവലിക്കണമെന്നും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡൻറ് എം.ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.