LiveTV

Live

Kerala

കോവിഡ്-19ന്റെ മറവിൽ മുസ്‌ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുക - ഫ്രറ്റേണിറ്റി

കോവിഡ്-19ന്റെ മറവിൽ മുസ്‌ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുക - ഫ്രറ്റേണിറ്റി

ഡൽഹി നിസാമുദ്ദീൻ മർകസിൽ തബ്‌ലീഗ് ജമാഅത് സംഘടിപ്പിച്ച സമ്മേളനത്തിന്റെയും കോവിഡ്-19 ബാധയുടെയും പശ്ചാത്തത്തിൽ മുസ്‌ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡൻ്റ് ഷംസീർ ഇബ്റാഹിം. രാജ്യത്തെ ഭരണകൂടവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണം അങ്ങേയറ്റം നികൃഷ്ടവും പ്രതിഷേധാർഹവുമാണ്.

കോവിഡ് -19 കാലത്ത് ഒഴിവാക്കേണ്ട ഒരു സമ്മേളനമായിരുന്നു നിസാമുദ്ദീനിൽ നടന്നത്. എന്നാൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവിൽ വംശീയതയെയും മുസ്‌ലിം വിരുദ്ധ വെറുപ്പിനെയും വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടുക തന്നെ വേണം.

ആഭ്യന്തര - അന്തർദേശീയ വിമാന സർവീസുകൾക്കും യാത്രകൾക്കും സർക്കാരുകളോ അധികൃതരോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നിസാമുദ്ദീൻ മർകസിൽ സമ്മേളനം നടക്കുന്നത്. ആവശ്യം വേണ്ട മുൻകരുതൽ നടപടികളും ബോധവത്കരണ ശ്രമങ്ങളും നടത്തുന്നതിൽ സംഘാടകരെ പോലെ സർക്കാർ സംവിധാനങ്ങൾക്കും വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ട്.

ഇതിനെ കൂട്ടുത്തരവാദിത്വബോധത്തോടെ സമീപിക്കുന്നതിന് പകരം 'വൈറസിൻ്റെ പ്രഭവകേന്ദ്രം', 'കോവിഡ് ജിഹാദ്', 'തബ്‌ലീഗ് കോവിഡ്' പോലുള്ള പദങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന വിദ്വേഷ കാമ്പയിനുകൾ അവസാനിപ്പിക്കണം. ഇത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന മലയാള മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.