LiveTV

Live

Kerala

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറെന്ന് പി.കെ ഫിറോസ്

‘സന്നദ്ധപ്രവർത്തനങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്’

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറെന്ന് പി.കെ ഫിറോസ്

കോവിഡിന്‍റെ പേരില്‍ ഫണ്ട് സ്വരൂപിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് നേതാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചതിനാണ് എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ആസിഫ് കലാമിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

തട്ടിപ്പ് നടത്തിയെന്ന പേരിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നവർ സർക്കാർ ഫണ്ടിലേക്ക് ചെയ്യണമെന്നാണ് എസ്.പി പറഞ്ഞിരിക്കുന്നത്. എന്നാൽ സന്നദ്ധ പ്രവർത്തനം നടത്താൻ സർക്കാറിന് മാത്രമേ അവകാശമുള്ളൂവെന്ന തരത്തിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നതെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് ലെെവിലൂടെ കുറ്റപ്പെടുത്തി.

സന്നദ്ധപ്രവർത്തനങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചനുകളെ കമ്മ്യൂണിസ്റ്റ് കിച്ചനാക്കി ചിലയടത്ത് മാറ്റുന്നു. ഭരണക്ഷിപാർട്ടിക്ക് മാത്രം സന്നദ്ധപ്രവർത്തനത്തിന് അനുമതി നൽകുകയും മറ്റുള്ളവരെ തടയുകയുമാണ് ചെയ്യുന്നതെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.

സന്നദ്ധപ്രവർത്തനം നടത്തുന്നതിന്റെ പേരിൽ കേസെടുക്കാനാണ് ഉദ്ദേശമെങ്കിൽ തനിക്കും യൂത്ത് ലീഗിനുമെതിരെ ആദ്യം കേസെടുക്കട്ടെയെന്നും ഇതിന്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്നും ഫിറോസ് പറഞ്ഞു.