LiveTV

Live

Kerala

തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ നടപടി ഊര്‍ജിതമാക്കി

വിവിധ ജില്ലകളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്

തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ നടപടി ഊര്‍ജിതമാക്കി

നിസാമുദ്ദീനില്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ നടപടി ഊര്‍ജിതമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. വിവിധ ജില്ലകളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിലാണ് നടപടി.

ഈ മാസം 22ന് തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പത്തനംതിട്ടയില്‍ നിന്നും പോയ തബ്‍ലീഗ് ജമാഅത്ത് നേതാവ് ഡോക്ടര്‍ സലീം രണ്ടു ദിവസത്തിനു ശേഷം മരിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 ആണോ മരണ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് തീവ്രശ്രമത്തിലാണ്. ഡോക്‍ടര്‍ സലീമിനൊപ്പം പോയ രണ്ടു പേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പത്തനം തിട്ട ജില്ലയില്‍ നിന്നും സമ്മേളനത്തിനായി പോയവരെക്കുറിച്ച് തെലങ്കാന സർക്കാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ നിന്ന് ഡോക്ടർമാർ അടക്കമുള്ള സംഘം സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഈ മാസം 22നാണ് തിരിച്ചെത്തിയത്. ഇതില്‍ ആറു പേരെ ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. പാലക്കാട് ജില്ലയില്‍ നിന്നും നാല് പേരാണ് സമ്മേളനത്തിന് പോയത്. ഇവര്‍ വിദേശത്ത് പോയ ശേഷമാണ് സമ്മേളനത്തിനായി എത്തിയത്. ഇടുക്കിയില്‍ നിന്നും അഞ്ച് പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ മാസം ഏഴിനു പത്തിനും ഇടയിലായിരുന്നു യാത്ര. ഇവരെ കണ്ടെത്തി നീരീക്ഷണത്തിലാക്കി. മലപ്പുറത്ത് നിന്നും നാലു പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നും ആറു പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തുന്നവെന്നായിരുന്നു കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് പേരാണ് ജില്ലയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ജില്ലാ ഭരണകൂടം നടത്തിയഅന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ നിരീക്ഷണത്തിലാണ്.രണ്ട് പേര്‍ തബ് ലീഗ് പള്ളിയില്‍ ഈ മാസം 18 മുതല്‍ 20 വരെ തങ്ങിയിട്ടുണ്ട്.ഇവരും നിരീക്ഷണത്തിലാണ്.വയനാട്ടില്‌‍ നിന്നും രണ്ടു പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.ഇവര്‍ ആരോഗ്യവകുപ്പിനെ നേരിട്ടു സമീപിക്കുകയായിരുന്നു.