LiveTV

Live

Kerala

ലോക്ക് ഡൗണ്‍: കേസുകളുടെ എണ്ണം 9340 ആയി

ഇന്നലെ സംസ്ഥാനത്ത് 1029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1068 പേരെ അറസ്റ്റ് ചെയ്തു

ലോക്ക് ഡൗണ്‍: കേസുകളുടെ എണ്ണം 9340 ആയി

ലോക്ക്ഡൌണ്‍ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്ത് 1029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1068 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആറാം ദിനം ലോക്ക്ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഗ്രാമീണ മേഖലകളിലേക്ക് കൂടി പരിശോധന കര്‍ശനമാക്കിയത് ഇതിന് കാരണമായി. 1029 കേസുകളാണ് ആറാം ദിനം രജിസ്റ്റര്‍ ചെയ്തത്. 531 വാഹനങ്ങള്‍ പിടിച്ചെടുത്തു.

പത്തനംതിട്ടയിലും കൊല്ലത്തുമാണ് കൂടുതല്‍ കേസുകളുള്ളത്. പത്തനംതിട്ടയില്‍ 200 പേരെ അറസ്റ്റ് ചെയ്യുകയും 206 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 159 വാഹനങ്ങളാണ് ജില്ലയില്‍ പിടിച്ചത്. കൊല്ലം സിറ്റിയില്‍ 60 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ റൂറലില്‍ 180 കേസുകളാണെടുത്തത്. എറണാകുളത്ത് 80 പേര്‍ക്കെതിരെയാണ് കേസ്. 61 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇടുക്കിയില്‍ 99 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 23 വാഹനങ്ങള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് 70 പേര്‍ക്കെതിരെ കേസെടുത്തു. 90 പേര്‍ അറസ്റ്റിലായി. കോട്ടയത്ത് 74 പേരും ആലപ്പുഴയില്‍ 70 പേരും അറസ്റ്റിലായിട്ടുണ്ട്. തൃശൂരില്‍ 72 പേര്‍ക്കെതിരെയാണ് കേസ്. പാലക്കാട് കേസെടുത്തത് 28 പേര്‍ക്കെതിരെ. 40 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം 59 ആണ്. കോഴിക്കോട് 32 കേസുകളും വയനാട് 24 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ ഒമ്പത് പേരെയാണ് ആറാം ദിനം അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ ഉപയോഗിച്ചു കൂടി പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.