LiveTV

Live

Kerala

ലോക്ക്ഡൗൺ ലംഘിച്ച് പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ലോക്ക്ഡൗൺ ലംഘിച്ച് പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ഭക്ഷണത്തെ ചൊല്ലി എറണാകുളം പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സമൂഹ അടുക്കളയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് നിലവാരം ഇല്ലെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആരോപണം. തുടർന്ന് മന്ത്രി വി.എസ് സുനിൽകുമാറും കലക്ടറും അടക്കമുള്ളവർ ലേബർ ക്യാമ്പിൽ നേരിട്ടെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

നിലവാരമുള്ള ഭക്ഷണം കൃത്യസമയത്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തോളം അതിഥി തൊഴിലാളികൾ പെരുമ്പാവൂരിലെ ലേബർ ക്യാമ്പിൽ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ റൂറൽ എസ്.പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് ക്യാമ്പിലേക്ക് എത്തി. പിന്നാലെ ജില്ലാ കലക്ടറും സ്ഥലത്തെത്തി. തുടർന്ന് തൊഴിലാളികളോട് മുറികളിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി.

തുടർന്ന് മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തി. തൊഴിലാളികളുടെ താല്പര്യമനുസരിച്ച് ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ ശൈലികളിൽ ഭക്ഷണമുണ്ടാക്കി നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നതായും പൊലീസിന് സംശയമുണ്ട്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.