LiveTV

Live

Kerala

കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം; മുഖ്യമന്ത്രിയുമായി കേന്ദ്രം സംസാരിച്ചു

അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പു ലംഘിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം; മുഖ്യമന്ത്രിയുമായി കേന്ദ്രം സംസാരിച്ചു

കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി അടച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി വിഷയം ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.

അതിര്‍ത്തികള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ചതോടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരിന്നു. അതിന് പിന്നാലെ കേന്ദ്രമന്ത്രി സദാനന്ദഗൌഡ വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചത്.

അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പു ലംഘിക്കുന്നുവെന്ന കാര്യം മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കണം.

രോഗ വ്യാപനം തടയാനാവശ്യമായ നിയന്ത്രങ്ങള്‍ സംസ്ഥാനം ഒരിക്കിയിട്ടുണ്ടെന്നും അതിര്‍ത്തികളുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അമിത് ഷാ ഫോണില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് വേഗത്തില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്.