LiveTV

Live

Kerala

കൊറോണ പ്രതിരോധത്തിനായുള്ള പ്രത്യേക ഓഫീസര്‍ കാസര്‍കോടെത്തി

ജില്ലയിൽ തന്നെ പരിശോധന കേന്ദ്രം വരുന്നതോടെ നിരീക്ഷണത്തിലുള്ള കൂടുതൽ ആളുകളുടെ സാംപിളുകൾ പരിശോധിക്കാനാവും.

കൊറോണ പ്രതിരോധത്തിനായുള്ള പ്രത്യേക ഓഫീസര്‍ കാസര്‍കോടെത്തി

കാസർകോട് ജില്ലയിൽ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകാൻ നിയമിച്ച പ്രത്യേക ഓഫീസര്‍ ജില്ലയിലെത്തി. പ്രിന്‍സിപ്പൽ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയാണ് കോവിഡ്-19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയത്.

കാസർകോട് ജില്ലയിലെ കൊറോണ പ്രതിരോധങ്ങളുടെ സ്പെഷ്യൽ ഓഫീസറായി പ്രിന്‍സിപ്പൽ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയെ കഴിഞ്ഞ ദിവസം സർക്കാർ നിയമിച്ചിരുന്നു. സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ കളക്ടറേറ്റില്‍ പ്രത്യേക യോഗം നടത്തി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലവിലെ സാഹര്യവും വിലയിരുത്തി.

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ഐ.ജി വിജയ് സാഖറെ, ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, ഡി.എം.ഒ ഡോ എ.വി രാംദാസ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.

7 പേർക്കാണ് ജില്ലയിൽ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 30 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശി. 25 വയസ്സുള്ള മൊഗ്രാൽ സ്വദേശി, 41 വയസ്സുള്ള ചെങ്കള സ്വദേശി,50, 43 വയസ്സുള്ള രണ്ട് ചട്ടഞ്ചാൽ സ്വദേശികൾ, 28, 39 വയസ്സുള്ള രണ്ട് മധൂർ സ്വദേശികൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ദുബായിൽ നിന്നും നാട്ടിലെത്തിയവരാണ്.

കേരള കേന്ദ്ര സർവ്വകലാശാലയെ കോവിഡ് 19 പരിശോധന കേന്ദ്രമാക്കാനുള്ള അനുമതി ലഭിച്ചു. അടുത്ത ദിവസം തന്നെ അവിടെ നിന്നും സാംപിളുകളുടെ പരിശോധന ആരംഭിക്കും. നിലവിൽ ആലപ്പുഴയിൽ നിന്നാണ് സാംപിളുകൾ പരിശോധിക്കുന്നത്. ഇത് പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടാവുന്നു. ജില്ലയിൽ തന്നെ പരിശോധന കേന്ദ്രം വരുന്നതോടെ നിരീക്ഷണത്തിലുള്ള കൂടുതൽ ആളുകളുടെ സാംപിളുകൾ പരിശോധിക്കാനാവും.