LiveTV

Live

Kerala

ലോക്ക് ഡൗണില്‍ കൈത്താങ്ങ്; അവശ്യ സാധനങ്ങള്‍ ചുമന്ന് കോളനിയിലെത്തിച്ച് എം.എല്‍.എയും കലക്ടറും

കോന്നി എം.എൽ.എ ജനീഷ് കുമാറാണ് കൈത്താങ്ങ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 

ലോക്ക് ഡൗണില്‍ കൈത്താങ്ങ്; അവശ്യ സാധനങ്ങള്‍ ചുമന്ന് കോളനിയിലെത്തിച്ച് എം.എല്‍.എയും കലക്ടറും

ലോക്ക് ഡൗൺ കാലത്ത് വീടുകളിലേക്ക് സഹായമെത്തിച്ച് പത്തനംതിട്ട ജില്ലാ കലക്ടറും കോന്നി എം.എൽ.എയും. മണ്ഡലത്തിലെ കൈത്താങ്ങ് പദ്ധതിയിലൂടെയാണ് ആവണിപ്പാറ ഗിരിജൻ കോളനിയിലേക്ക് അവശ്യ സാധനങ്ങളുടെ സഹായമെത്തിച്ചത്. കമ്മ്യൂണിറ്റി കിച്ചൺ പ്രാവർത്തികമാകുന്നതിന് മുമ്പ് തന്നെ ലോക്ക് ഡൗണിന്‍റെ ആദ്യ ദിവസം മുതൽ പദ്ധതിയിലൂടെ മണ്ഡലത്തിലെ ആളുകൾക്ക് സഹായം എത്തിതുടങ്ങിയിരുന്നു.

അരിയും പഞ്ചസാരയും വെളിച്ചെണ്ണയും സോപ്പുമുൾപ്പെടെയുള്ള സാധനങ്ങളടങ്ങുന്ന കിറ്റുകളുമായി കലക്ടർ പി.ബി നൂഹും, എം.എൽ.എ കെ.യു ജനീഷ് കുമാറും ആവണിപ്പാറ ഗിരിജൻ കോളനിയിലെത്തി. സാധനങ്ങൾ നിറച്ച ചാക്കുകളും ചുമന്ന് അച്ചൻ കോവിലാർ കാൽനടയായി കടന്നാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് സഹായമെത്തിച്ചത്.

ജനീഷ് കുമാറാണ് കൈത്താങ്ങ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോക്ഡൗണിൽ മരുന്നും ഭക്ഷണ സാധനങ്ങളുമുൾപ്പെടെയുള്ളവ പദ്ധതിയിലൂടെ വീട്ടിൽ എത്തിച്ച് നൽകും. ഒരാവശ്യത്തിനും ആളുകൾക്ക് പുറത്തിറങ്ങേണ്ടി വരുന്നില്ല. കോന്നി മണ്ഡലത്തിലെ കൈത്താങ്ങ് പദ്ധതി ജില്ലയിലുടനീളം നടപ്പിലാക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. വിവിധ സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും ജനമൈത്രി പൊലിസിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.