LiveTV

Live

Kerala

വീണ്ടും അതിര്‍ത്തികള്‍ മണ്ണിട്ടടച്ച് കര്‍ണാടക സര്‍ക്കാര്‍; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തില്‍ രോഗികള്‍ കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി

വീണ്ടും അതിര്‍ത്തികള്‍ മണ്ണിട്ടടച്ച് കര്‍ണാടക സര്‍ക്കാര്‍;  മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

വയനാട്ടിൽ നിന്ന് കർണാടകയിലെ കുടകിലേക്കുള്ള അന്തർ സംസ്ഥാന റോഡും കർണാടക മണ്ണിട്ട് അടച്ചു. കേരളാ അതിർത്തി കുട്ട പഴയ പോലീസ് ഗേറ്റിന് സമീപമാണ് റോഡ് മണ്ണിട്ട് മൂടിയത്. ഏഴടിയോളം പൊക്കത്തിലുള്ള മൺകൂനയാണ് റോഡിൽ തീർത്തത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി മണ്ണിട്ട് അടക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ കര്‍ണാടക അതിര്‍ത്തികളില്‍ മണ്ണിട്ട് അടച്ചിരുന്ന വാര്‍ത്ത മീഡിയാവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയെ വിവരമറിയിച്ചിട്ടുണ്ടെന്നും കര്‍ണാടക സര്‍ക്കാരിൻ്റെ സമീപനം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി ഇന്നലെ തന്നെ അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ വയനാട്ടിലെ കുട്ട പൊലീസ് ഗേറ്റിന് സമീപത്തെ റോഡും മണ്ണിട്ട് മൂടിയിരിക്കുകയാണ്. അതുപോലെ ഗുണ്ടല്‍പേട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. കര്‍ണാടക ഉദ്യോഗസ്ഥരാണ് വാഹനങ്ങള്‍ തടഞ്ഞിരിക്കുന്നത്. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ കയറ്റിവരുന്ന വാഹനങ്ങളാണ് തടഞ്ഞത്. നിരവധി വാഹനങ്ങള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്.

വിശദീകരണവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തില്‍ രോഗികള്‍ കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി. അതിര്‍ത്തികള്‍ അടച്ചത് ജാഗ്രതയുടെ ഭാഗമായാണെന്നും കേരളത്തിലേക്ക് പോകുന്ന ചരക്കു വാഹനങ്ങൾ എച്.ഡി കോട്ട വഴി പോകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മഹാരാഷ്ട്ര അതിർത്തിയിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊറോണ ബാധിതരുടെ എണ്ണം കർണാടകയെ ആശങ്കപെടുത്തുന്നുവെന്നും മുഖ്യമന്ത്രി യെദ്യൂരിയപ്പയുടെ ഓഫീസിന്റെ വിശദീകരണത്തില്‍ പറയുന്നു

വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. ആദ്യം ചീഫ് സെക്രട്ടറി വഴി കേരളസര്‍ക്കാര്‍ ഇടപെട്ടിരുന്നു. എന്നാല്‍ അത് ഫലം കണാതായതോടെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കര്‍ണാടക അതിര്‍ത്തികള്‍ എല്ലാം അടച്ചാല്‍ സംസ്ഥാനത്തേക്കുള്ള അവശ്യ സാധനങ്ങളുടെ വരവ് നിലക്കുമെന്നും ഈ വിഷയത്തില്‍ നേരത്തെ ലഭിച്ച ഉറപ്പ് പാലിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.