LiveTV

Live

Kerala

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മഞ്ചേശ്വരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനവും നിശ്ചലമായി

ആറ് ഡോക്ടർമാരുടെ പോസ്റ്റുള്ള ആശുപത്രിയിൽ ഇന്ന് എത്തിയത് ഒരു ഡോക്ടർ മാത്രം

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മഞ്ചേശ്വരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനവും നിശ്ചലമായി

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗളൂരുവിൽ താമസിക്കുന്ന മൂന്ന് ഡോക്ടർമാർക്ക് ആശുപത്രിയിൽ എത്താനാവുന്നില്ല. ഇതോടെ കോവിഡ് 19 ഭീതിക്കിടയിലും മഞ്ചേശ്വരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിശ്ചലമായി.

ആറ് ഡോക്ടർമാരുടെ പോസ്റ്റുള്ള ആശുപത്രിയിൽ ഇന്ന് എത്തിയത് ഒരു ഡോക്ടർ മാത്രമാണ്. ആശുപത്രിയിൽ നിലവിലുള്ളത് നാല് ഡോക്ടർമാരാണ്. രണ്ടുപേർ വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി പുറത്തുപോയതോടെ ആശുപത്രിയില്‍ അവശേഷിച്ചത് ഒരു ഡോക്ടര്‍ മാത്രം. അതിർത്തിയടച്ചതോടെ നാട്ടുകാര്‍ക്ക് മംഗളൂരുവിലെ ആശുപത്രികളിലേക്കും പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഇന്നലെയാണ് കര്‍ണാടക സര്‍ക്കാര്‍ ആദ്യമായി അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചത്. ഇന്ന് കൂടുതല്‍ അതിര്‍ത്തികളും മണ്‍കൂനകള്‍ ഉണ്ടാക്കി അടച്ചതോടെ കേരളം അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുമോ എന്ന ഭീതിയിലാണ്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

നിലവിലെ നാല് ഡോക്ടര്‍മാരില്‍ല മൂന്ന് പേര്‍ മംഗളൂരുവിലാണ് താമസിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ ഡോക്ടര്‍മാര്‍ക്ക് വരാന്‍ സാധിക്കാതിരിക്കുകയായിരുന്നു.

എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും അതിര്‍ത്തി കടന്നുപോയാല്‍ തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നെന്നും എന്നിട്ടും അവര്‍ അതിര്‍ത്തി കടന്നുപോകുകയായിരുന്നുവെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. കര്‍ണാടക ചെക്‌പോസ്റ്റിലെ പൊലീസും കര്‍ണാടകയിലേക്ക് പോയാല്‍ തിരിച്ചുവിടില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കര്‍ണാടക അതിര്‍ത്തി അടച്ചിട്ട് ആംബുലന്‍സ് വരെ വിടാത്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ ആശുപത്രിയിലേക്ക് ആളുകള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ ഘട്ടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ടര്‍മാരില്ലാതാവുന്നത്.