LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നാട്ടുകാരെ ഏത്തമിടീച്ച എസ്പിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നാട്ടുകാരെ ഏത്തമിടീച്ച എസ്പിയെ വിമര്‍ശിച്ച്  മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ രോഗമുക്തരായി. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കേരളത്തില്‍ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമാണിത്.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ആകെ ചികിൽസയിലുള്ളവരുടെ എണ്ണം 165 ആണ്. ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ്. കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി. സമൂഹവ്യാപനമുണ്ടോ എന്ന് പരിശോധിക്കാന്‍ റാപിഡ് ടെസ്റ്റ് വ്യാപകമാക്കും, പത്രവിതരണം അവശ്യസര്‍വീസ് ആണെന്നും റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്. ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്.പിയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂര്‍ എസ്.പിയുടെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും പൊലീസിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണ് എസ്പിയുടെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ നിർമ്മാർജനം ശാസ്​ത്രീയമാകണം, ടോയ്​ലറ്റുകൾ നിറഞ്ഞു കവിയാനുള്ള സാധ്യതയുണ്ട്​. കുടിവെള്ളത്തെ ഇത്​ മലിനമാക്കും. ​തദ്ദേശസ്ഥാപനങ്ങൾ ഇത്​ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്ന്​ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കാനുള്ള നടപടികളാണ്​ സ്വീകരിക്കുന്നത്​. അന്യസംസ്ഥാനങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്ന്​ ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.