LiveTV

Live

Kerala

അമിത വില തടയാന്‍ അവശ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ച് കോഴിക്കോട് ജില്ലാഭരണകൂടം

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വർധന തടയുന്നതിന് നാലു ദിവസത്തേക്ക് ബാധകമായ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം

അമിത വില തടയാന്‍ അവശ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ച് കോഴിക്കോട് ജില്ലാഭരണകൂടം

കൊറോണാ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വർധന തടയുന്നതിന് നാലു ദിവസത്തേക്ക് ബാധകമായ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അവരുടെ ബില്ലുകൾ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് അടുത്ത നാലുദിവസത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

അവശ്യ സാധനങ്ങൾ വാങ്ങുമ്പോൾ ശരാശരി വിലയിൽ നിന്നും വളരെ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ ജില്ലാ ഭരണകൂടത്തിൻ്റെ കോവിഡ് ജാഗ്രത അത് എന്ന വെബ് ആപ്ലിക്കേഷൻ വഴിയോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ വിളിച്ചോ പരാതികൾ അറിയിക്കാവുന്നതാണ്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. ഈ സ്ക്വാഡുകൾക്ക് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സഹായവും ലഭ്യമാണ്.

അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് അധികൃതര്‍ കോഴിക്കോട് ജില്ലയില്‍ വിവിധ കടകളില്‍ ഈ ദിവസങ്ങളിൽ പരിശോധന നടത്തി. അഞ്ച് സ്‌ക്വാഡുകളായി 152 കടകള്‍ പരിശോധിച്ചു. പല കടകളിലും അമിതവില ഈടാക്കുന്നതായും പച്ചക്കറി ഒരേ ഇനത്തിനുതന്നെ പല കടകളിലും പല വില ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.

പച്ചക്കറി ചില്ലറ വ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അമിത വില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍ പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം. പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്- 9188527400, സിറ്റി റേഷനിങ് ഓഫീസര്‍ സൗത്ത് - 9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് -9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി -9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര-9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി -9188527399.