LiveTV

Live

Kerala

കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കലക്ടറെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു. കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കാണ്‍പൂരിലേക്ക് മുങ്ങിയതിനാണ് നടപടി.

കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കലക്ടറെ സസ്പെന്‍ഡ് ചെയ്തു

കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തു. കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കാണ്‍പൂരിലേക്ക് മുങ്ങിയതിനാണ് നടപടി. സര്‍ക്കാറിനെ അറിയിക്കാതെയാണ് സബ്കലക്ടര്‍ സംസ്ഥാനം വിട്ടത്. വിദേശത്ത് നിന്ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെയാണ് കലക്ടർ ക്വാറന്റൈൻ ലംഘിച്ച് മുങ്ങിയത്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് സബ് കലക്ടർ കാൺപൂരിലാണെന്ന് കണ്ടെത്തിയത്.

ക്വാറന്റൈന്‍ ലംഘിച്ചതിന് അനുപം മിശ്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ വ്യക്തമാക്കിയിരുന്നു. കേസെടുക്കുന്നതിനു പുറമേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് മാറിയതെന്ന് വിശദീകരണമാണ് അനുപം മിശ്ര നല്‍കുന്നത്. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും സബ് കലക്ടര്‍ പറയുന്നു.

സിംഗപ്പൂരിൽ നിന്നും ഈ മാസം 19 തിനാണ് കൊല്ലം സബ് കളക്ടറായ അനുപം മിശ്ര ഐഎഎസ് മടങ്ങിയെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ നിരീക്ഷണത്തിൽ പോകാൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ നിർദ്ദേശിച്ചു. പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപെട്ടപ്പോൾ ബാംഗ്ലൂരിലാണെന്നായിരുന്നു മറുപടി. എന്നാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അനുപം മിശ്ര കാൺപൂരിലാണെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് ഇദ്ദേഹം.