LiveTV

Live

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒരാള്‍ ഇടുക്കിയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്‍

നിരവധിയാത്രകൾ നടത്തിയതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒരാള്‍ ഇടുക്കിയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്‍

ഇടുക്കി ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്നായി. ഇന്നലെ സ്ഥിരീകരിച്ച ആൾ പൊതുപ്രവർത്തകൻ ആയതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. ചെറുതോണി സ്വദേശിയായ ഇദ്ദേഹം മന്ത്രിമാരെയും എംഎൽഎമാരെയും പല ആവശ്യങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയിരുന്നു.

ഇടുക്കി ജില്ലയിലെ മുൻ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ കൂടിയായ പൊതുപ്രവർത്തകൻ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ ഭാരവാഹിയാണ്. പ്രതിപക്ഷ പോഷക സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയായ ഇദ്ദേഹം ഏകാധ്യാപക സ്കൂളുകളിലെ അധ്യാപകരുടെ സമരവുമായി ബന്ധപ്പെട്ടാണ് പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനതപുരം തുടങ്ങിയ ജില്ലകളിൽ പോയത്. വിഷയം ധരിപ്പിക്കാൻ തിരുവനന്തപുരത്തു നിയമസഭാ മന്ദിരത്തിൽ എത്തി മന്ത്രിമാരെയും പ്രതിപക്ഷത്തെ എംഎൽഎമാരെയും കണ്ടിരുന്നു. എംഎൽഎ ഹോസ്റ്റലിലും സന്ദർശനം നടത്തി. ഇടുക്കിയിൽ മൂന്നാർ, മറയൂർ തുടങ്ങിയ പ്രദേശങ്ങളിലും പോയിരുന്നു. കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പൗരനെ എത്തിച്ച ടാറ്റായുടെ ഹോസ്പിറ്റൽ ഇദ്ദേഹം പോയിരുന്നു.

മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.

നിരവധി യാത്രകൾ നടത്തിയതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികളിൽ കാലതാമസം ഉണ്ടാകും എന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങളും ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെ ഐസലേഷനിലേക്ക് കോവിഡ് രോഗബാധിതനെ മാറ്റി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട പൊതുപ്രവർത്തകന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. അതിനിടെ ലോക്ക്ഡൌൺ ലംഘിച്ച 254 കേസുകളിലായി 305 പേരെ പ്രതികൾ ആക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 69 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട് 3, മലപ്പുറം 3, തൃശ്ശൂര്‍ 2, ഇടുക്കി 1, വയനാട് 1 എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.