LiveTV

Live

Kerala

ലോക്ക്ഡൌണ്‍: പാൽ വിതരണത്തിൽ പ്രതിസന്ധി നേരിടുന്നുവെന്ന് മില്‍മ

എല്ലാ ജില്ലകളിലും രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ വിതരണം അനുവദിക്കണമെന്നാവശ്യപ്പെട് മിൽമ സർക്കാരിനെ സമീപിച്ചു.

ലോക്ക്ഡൌണ്‍: പാൽ വിതരണത്തിൽ പ്രതിസന്ധി നേരിടുന്നുവെന്ന് മില്‍മ

ലോക്ക്ഡൌണിനെത്തുടര്‍ന്ന് പാൽ വിതരണത്തിൽ പ്രതിസന്ധി നേരിടുന്നുവെന്ന് മില്‍മ. എല്ലാ ജില്ലകളിലും രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ വിതരണം അനുവദിക്കണമെന്നാവശ്യപ്പെട് മിൽമ സർക്കാരിനെ സമീപിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കനത്ത പ്രതിസന്ധിയിലേക്ക് മിൽമ നീങ്ങുമെന്നും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ മിൽമയുടെ പാൽ വിൽപ്പന ഗണ്യമായി കുറഞ്ഞിരുന്നു. മലബാർ മേഖലയിൽ പ്രതി ദിനം അഞ്ചു ലക്ഷം ലിറ്റർ വരെ വിൽപ്പന നടന്നിരുന്നത് ഒരു ലക്ഷം ലിറ്റർ വരെയായി. ഒരു ദിവസം സംഭരണം നിർത്തി വെച്ച മിൽമക്ക് കഴിഞ്ഞ ദിവസം വിൽക്കാനായത് രണ്ടര ലക്ഷം ലിറ്റർ പാലാണ്.

കാസർകോട് ജില്ലയിൽ പതിനൊന്നു മണിക്ക് ശേഷം മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്. മറ്റു പല ജില്ലകളിലും ഗ്രാമീണ മേഖലകളിൽ പത്തു മണിക്ക് ശേഷം മാത്രമേ പോലീസ് കടകൾ തുറക്കാൻ അനുവദിക്കുന്നുള്ളുവെന്ന പരാതിയും മില്‍മക്ക് ലഭിച്ചു. ഈ നിയന്ത്രണങ്ങൾ പാൽ വിൽപ്പനയെ സാരമായി ബാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിൽമയുടെ പുതിയ നീക്കം.

എല്ലാ ജില്ലകളിലും രാവിലെ ഏഴുമണി മുതൽ പാൽ വിൽപ്പന നടത്താൻ അനുമതി തേടിയാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മിൽമ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ മിൽമ നേരിട്ട് നടത്തുന്ന ഔട്ട്‍ലെറ്റുകള്‍ കുറവാണ്. ചെറുകിട കച്ചവട സ്ഥാപനങ്ങൾ വഴിയാണ് മിൽമ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഈ സ്ഥാപനങ്ങൾ വഴി രാവിലെ മുതൽ പാൽ മാത്രം വിൽപ്പന നടത്താൻ അനുവദിക്കണമെന്ന ആവശ്യവും മിൽമ മുന്നോട്ട് വെച്ചിട്ടുണ്ട്.