LiveTV

Live

Kerala

കോവിഡ്-19: കേരളത്തില്‍ 105 പേര്‍ ചികിത്സയില്‍, 4 പേര്‍ക്ക് രോഗം ഭേദമായി

കോവിഡ്-19: കേരളത്തില്‍ 105 പേര്‍ ചികിത്സയില്‍, 4 പേര്‍ക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 105 പേര്‍ കോവിഡ്-19 ബാധിച്ച് ചികിത്സയില്‍. നാല് പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. 12 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്കാണ്. ആറ് പേര്‍ക്ക് കാസര്‍കോഡ് ജില്ലയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ കൂടി വൈറസ് ബാധിതമായി. കൊല്ലം, വയനാട് ജില്ലകളില്‍ മാത്രമാണ് കോവിഡ് രോഗികള്‍ ഇല്ലാത്തത്. ആലപ്പുഴയില്‍ ഖത്തറിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശിയായ യുവാവാണ് രോഗബാധിതന്‍. ഈ മാസം 21 ന് ഗോവയില്‍ നിന്ന് സമ്പര്‍ക്ക് ക്രാന്തി തീവണ്ടിയിലെത്തിയ ഇയാളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുകയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പാലക്കാട് ദുബൈയിൽ നിന്ന് വന്ന ഒറ്റപ്പാലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ വീട്ടുകാരുമായി പോലും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഈ മാസം 21ന് ഗള്‍ഫില്‍ നിന്ന് വന്ന മണക്കാട് സ്വദേശിക്കാണ് രോഗം. വിമാനത്താവളത്തില്‍ നിന്ന് തന്നെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചതിനാല്‍ മറ്റ് സമ്പര്‍ക്കമില്ല. എറണാകുളത്ത് മാര്‍ച്ച് 22ന് രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവായ സ്ത്രീക്കും ഫലം പോസിറ്റീവായി. ജില്ലയില്‍ ഇന്ന് ലഭിച്ച 21 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഗുവാഹത്തിയില്‍ നിന്ന് തീവണ്ടിയിലെത്തിയ 130 പേരെ തൃശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 75000ലധികം പേരാണ്. ഇതില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് 466. കേരളത്തില്‍ താമസക്കാരല്ലാത്ത ടൂറിസ്റ്റുകള്‍ക്കും യാത്രക്കാര്‍ക്കുമായി കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്.