LiveTV

Live

Kerala

കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കൊടുവള്ളി നഗരസഭയ്ക്കെതിരെ കേസ്

അനുമതിയുണ്ടെന്ന് തെളിയിക്കാന്‍ കലക്ടറുടെ ശബ്ദരേഖയുമായി നഗരസഭ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് തെളിയിക്കാന്‍ ദൃശ്യങ്ങളും പുറത്ത് വിട്ടു

കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കൊടുവള്ളി നഗരസഭയ്ക്കെതിരെ കേസ്

കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ നഗരസഭ യോഗം ചേര്‍ന്നതിന് കോഴിക്കോട് കൊടുവള്ളി നഗരസഭയ്ക്കെതിരെ കേസ് എടുത്തു. നിരോധനാജ്ഞ പ്രഖ്യാപിച്ച കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കൊടുവള്ളി പോലീസ് കേസ് എടുത്തത്. എന്നാല്‍ യോഗം ചേരാന്‍ കലക്ടര്‍ അനുമതി നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന കലക്ടറുമായുള്ള സംഭാഷണവും നഗരസഭാ ഭരണസമതി യുഡിഎഫ് പുറത്ത് വിട്ടു.

കോഴിക്കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നിലനില്‍ക്കെ കൊടുവള്ളിയില്‍ നഗരസഭ യോഗം ചേര്‍ന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളൊന്നും മില്ലാതിരിക്കെ യോഗം ചേര്‍ന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷമായ എല്‍ഡിഎഫ് രംഗത്തും വന്നിരുന്നു. യോഗത്തിലേക്ക് തങ്ങളുടെ ഒരംഗത്തെ മാത്രം അയച്ച് എല്‍ഡിഎഫ് യോഗം ചെരുന്നതിന് എതിരെ വിയോജനകുറിപ്പ് രേഖപ്പെടുത്തി. പിന്നാലെ ഈ അംഗവും യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. പിന്നീട് കോവിഡ് 19 മാനദണ്ഡങ്ങള്‍ നഗരസഭ ഭരണ സമിതി ലംഘിച്ചതായി കാണിച്ച് എല്‍ഡിഎഫ് പോലീസില്‍ പരാതിയും നല്‍കി. ഇത് പരിഗണിച്ചാണ് ഐപിസി 269 വകുപ്പ് ചുമത്തി കൊടുവള്ളി പോലീസ് നഗരസഭ ഭരണസമിതിക്കെതിരെ കേസ് എടുത്തത്. കലക്ടറുടെ ഉത്തരവ് ലംഘിച്ചുവെന്ന വകുപ്പും ചുമത്തി.

എല്ലാവിധ മാനദണ്ഡങ്ങളും തങ്ങള്‍ പാലിച്ചുവെന്നാണ് നഗരസഭയുടെ നിലപാട്. മാത്രമല്ല യോഗം ചേരുന്നതിന് കലക്ടറുടെ വാക്കാല്‍ അനുമതി തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു . ഇതിന് തെളിവായി നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനും കലക്ടറുമായുള്ള ടെലിഫോണ്‍ സംഭാഷണവും നഗരസഭ പുറത്ത് വിട്ടു. ഇതില്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് കലക്ടര്‍ പറയുന്നത്. ഇത് പാലിച്ചുവെന്ന് തെളിയിക്കാനായി യോഗത്തിന്റെ ദൃശ്യങ്ങളും നഗരസഭ എടുത്ത് സൂക്ഷിക്കുകയും ചെയ്തു. ഇവയും പോലീസ് കേസ് എടുത്തതിന് പിന്നാലെ നഗരസഭ പുറത്ത് വിട്ടു. പോലീസ് നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ഭരണസമിതി മീഡിയവണിനോട് പറഞ്ഞു. എല്‍‌ഡിഎഫിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് കള്ളക്കേസ് എടുത്തുവെന്നാണ് ഇവരുടെ വിമര്‍ശനം.