LiveTV

Live

Kerala

ലോക്ക്ഡൌണിനെ വകവെക്കാതെ ജനം തെരുവില്‍; നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് കടകംപള്ളി

കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൌണിനിടയിലും തെക്കന്‍ കേരളത്തില്‍ ജനം സാധാരണ പോലെ പുറത്തിറങ്ങി.

ലോക്ക്ഡൌണിനെ വകവെക്കാതെ ജനം തെരുവില്‍; നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് കടകംപള്ളി

കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൌണിനിടയിലും തെക്കന്‍ കേരളത്തില്‍ ജനം സാധാരണ പോലെ പുറത്തിറങ്ങി. ഇതോടെ, പോലീസ് ഇടപെട്ട് പലരെയും തിരിച്ചയച്ചു. നിയന്ത്രണം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ലോക്ക് ഡൌൺ തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലായിരുന്നു ജനങ്ങളിൽ പലരുടേയും പ്രതികരണം. തെക്കൻ കേരളത്തിൽ നിരത്തുകളും കടകളും രാവിലെ മുതൽ തന്നെ സജീവമായിരുന്നു.നിയന്ത്രങ്ങൾ ലംഘിക്കപ്പെട്ടതോടെ പോലീസ് നേരിട്ട് ഇടപെട്ടു. തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണർ തന്നെ രംഗത്തിറങ്ങി കടകളടപ്പിച്ചു.

കൊല്ലത്തും നിരവധി വാഹനങ്ങൾ റോഡിലിറങ്ങി. സൂപ്പർ മാർക്കറ്റിലും കടകളിലും തിരക്ക് കൂടിയതോടെ കലക്ടർക്ക് ഇടപെടേണ്ടി വന്നു. അഞ്ചലിൽ പൂട്ടിക്കിടന്ന ആശുപത്രി കൊറോണ കെയർ സെന്ററിനായി ഉടമ വിട്ടുനൽകാത്തതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ പൂട്ടു പൊളിച്ച് സ്ഥാപനം ഏറ്റെടുത്തു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയതോടെ പത്തനംതിട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി

ലോക്ക്ഡൌൺ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ കടുത്ത ഭാഷയിലായിരുന്നു മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രതികരണം. നിയന്ത്രണം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ലോക് ഡൌണിന്റെ ഭാഗമായി മധ്യകേരളത്തിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളടക്കം പരിശോധനവിധേയമാക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിലും ആളുകള്‍ കൂടാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ എല്ലാ ടോള്‍ പ്ലാസകളും അടച്ചു.

എറണാകുളം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞയിലേക്ക് പോകാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. അതേസമയം അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അഞ്ചില്‍‌ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാനുള്ള കര്‍ശനമായ പരിശോധനകള്‍ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ മൂന്നാറിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേവികുളം താലൂക്കിലെ കെഡിഎച്ച്, മൂന്നാർ, കുഞ്ചിത്തണ്ണി, പള്ളിവാസൽ വില്ലേജുകളിലാണ് നിരോധനാജ്ഞ ബാധകമാവുക. അവശ്യസര്‍വീസുകളുമായി ബന്ധമില്ലാത്ത വാഹനങ്ങള്‍ ജില്ലാ അതിർത്തികളിലും മടക്കി അയക്കുന്നുണ്ട്.

പലയിടങ്ങളിലും സ്വകാര്യവാഹനങ്ങളുമായി ആളുകൾ നിരത്തിലിറങ്ങിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജില്ലയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി റോഡിൽ ഇറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.

ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർശന നടപടിയെക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയത്ത് എല്ലാ പ്രധാനപ്പെട്ട റോഡുകളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. 200 തൊഴിലാളികളെയെത്തിച്ച് പ്രവർത്തനം നടത്തിയ കോട്ടയത്തെ എംആർഎഫ് പൊലീസ് എത്തി പൂട്ടിച്ചു. നിരീക്ഷണം ലംഘിച്ച ഏഴ് പേർക്കെതിരെ കോട്ടയത്ത് മാത്രം കേസെടുത്തിട്ടുണ്ട്.

മലബാറിലെ എല്ലാ ജില്ലകളിലും നിയന്ത്രണങ്ങൾ ശക്തമാക്കി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനായി പോലീസ് പരിശോധന ആരംഭിച്ചു. കണ്ണൂരും മലപ്പുറത്തും നിയന്ത്രണങ്ങൾ കാര്യമാക്കാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത് പോലീസിനും തലവേദനയായി. ജില്ലാ അതിർത്തികളിൽ പരിശോധനയും കർശനമാക്കി.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചു.അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. കോവിഡ് സ്ഥിരീകരിച്ച കുട്‌ലു സ്വദേശിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും. ഇയാള്‍ നിരീക്ഷണത്തില്‍ തുടരാതെ കൂടുതല്‍ പേരുമായി ഇടപഴകിയിരുന്നു.

കാസര്‍കോട് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും നേരിടാനുള്ള സൌകര്യങ്ങള്‍ അപര്യാപ്തമാണ്. സര്‍ക്കാര്‍ -സ്വകാര്യ മേഖലയിലായി ആകെയുള്ളത് 11 വെന്റിലേറ്ററുകള്‍ മാത്രമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.

കാസര്‍കോട് ജില്ലയില്‍ കോവിഡ്19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ഇതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആകെയുള്ളത്7 ഫിസീഷ്യന്‍മാർ മാത്രമാണ്. ഈ ഏഴ് പേരുടെ ചുമലിലാണിപ്പോൾ മുഴുവൻ ചുമതലയും. ജില്ലാ ആശുപത്രിയില്‍ 2ഉം ജനറല്‍ ആസുപത്രിയില്‍ 4ഉം ബദിയടുക്ക താലൂക്ക് ആശുപത്രിയില്‍ ഒരു ഫിസീഷ്യനുമാണ് നിലവിലുള്ളത്. ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഫിസീഷ്യന്റെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കൂടാതെ പനത്തടി, മഗല്‍പാടി ആശുപത്രികളിലും നിലവില്‍ ഫിസീഷ്യന്‍മാരില്ല.

സങ്കീര്‍ണസാഹചര്യത്തിലേക്ക് കടക്കുമ്പോഴും ജില്ലയില്‍ ആകെയുളള വെന്റിലേറ്ററുകളുടെ എണ്ണം കേട്ടാല്‍ അത്ഭുതപ്പെടും. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ആകെ ഉള്ളത് 11 എണ്ണം മാത്രം. ജില്ലയില്‍ അനസ്തീഷ്യ ഡോക്ടര്‍മാരുടെ 5തസ്തികയുള്ളതിൽ ഒന്ന് ഒഴിഞ്ഞുകിടക്കുന്നു.

ജില്ല അതിസങ്കീര്‍ണ സാഹചര്യം നേരിടുമ്പോഴും കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കുന്നില്ല, ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുന്നുമില്ല. കോവിഡ് 19 ന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനവും കൃത്യമല്ലെന്ന ആരോപണവും ജില്ലയില്‍ ഉയരുന്നുണ്ട്. ഏകോപനത്തിനായി ആരോഗ്യവകുപ്പിലെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം.