LiveTV

Live

Kerala

കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചു; ജില്ലയില്‍ കര്‍ശന നിയന്ത്രണം

അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്. അതിര്‍ത്തികള്‍ അടച്ചു. 1500 പൊലീസിനെ വിന്യസിച്ചു. ല്ലയില്‍ രോഗബാധിതരുടെ എണ്ണം 33 ആയി

കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചു; ജില്ലയില്‍ കര്‍ശന നിയന്ത്രണം

കാസര്‍കോട് ജില്ല സമ്പൂർണ ലോക്ക്ഡൌണിൽ. അതിർത്തി റോഡുകൾ അടച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. നിയമപാലനം ഉറപ്പ് വരുത്താൻ ജില്ലയില്‍ 1500 പൊലീസിനെ വിന്യസിച്ചു.

കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ല പൂർണമായും അടച്ചു. പുതുതായി ജില്ലയില്‍ ഒരു സ്ത്രീ ഉൾപ്പടെ 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കടുത്ത നടപടി. പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചവരെല്ലാം ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്.

24, 30, 31 വയസ്സുള്ള മൂന്ന് ബാരെ സ്വദേശികള്‍ക്കും 41 വയസ്സുള്ള ബേക്കല്‍ സ്വദേശിക്കും 34, 40, 37 വയസ്സുള്ള മൂന്ന് കളനാട് സ്വദേശികള്‍ക്കും 47 വയസ്സുള്ള കുഡ്‌ലു സ്വദേശിക്കും 34, 21 വയസ്സുള്ള രണ്ട് കാസര്‍കോട് സ്വദേശികള്‍ക്കും 50 വയസ്സുള്ള അലാമിപ്പള്ളി സ്വദേശിക്കും 32 വയസ്സുള്ള ചിത്താരി സ്വദേശിക്കും 27, 33 വയസ്സുള്ള രണ്ട് ഉദുമ സ്വദേശികള്‍ക്കും 32 വയസ്സുള്ള മല്ലം സ്വദേശിക്കും 27 വയസ്സുള്ള പൂച്ചക്കാട് സ്വദേശിക്കും 34 വയസ്സുള്ള കൊമ്പാന്‍പാറ സ്വദേശിക്കും, 52 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശിക്കും 26 വയസ്സുള്ള ചിത്താരി സ്വദേശിനിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ നിയന്ത്രണം കർശനമാക്കി. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യും. രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഇത്തരം കടകൾക്ക് മുന്നിൽ കൂട്ടംകൂടി നിന്നാല്‍ അവർക്കെതിരെയും നടപടി ഉണ്ടാവും.

കൂടുതലായി ജില്ലയിൽ 1500 പേലീസ് സേനയെ വിന്യസിച്ചു. വടക്കന്‍ മേഖലാ ഐജി അശോക് യാദവ്, എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ വിജയ സാഖറെ, ഡിഐജി സേതുരാമന്‍, കോട്ടയം കൈംബ്രാഞ്ച് എസ് പി സാബു മാത്യു, ടെലികമ്യൂണിക്കേഷന്‍ എസ്.പി ഡി ശില്‍പ എന്നിവർ പൊലീസ് സേനയ്ക്ക് നേതൃത്വം നൽകും.