LiveTV

Live

Kerala

ചിത്രകാരൻ കെ. പ്രഭാകരൻ അന്തരിച്ചു

ചിത്രകാരിയും ബംഗാൾ സ്വദേശിനിയുമായ കബിത മുഖോപാധ്യായയാണ് ഭാര്യ. സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്താ രവിയുടെ സഹോദരൻ കൂടിയാണ് പ്രഭാകരൻ.

ചിത്രകാരൻ കെ. പ്രഭാകരൻ അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് കെ. പ്രഭാകരൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേരളത്തിലെ റാഡിക്കൽ ചിത്രകാരൻമാരിൽ പ്രമുഖനായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചിത്രകാരിയും ബംഗാൾ സ്വദേശിനിയുമായ കബിത മുഖോപാധ്യായയാണ് ഭാര്യ. സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്താ രവിയുടെ സഹോദരൻ കൂടിയാണ് പ്രഭാകരൻ.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആന്റ് സ്‌കൾപ്റ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തി. ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്രകലാവിഭാഗത്തിൽ അധ്യാപകനായിരുന്നു.

1985ൽ അജയ് ദേസായിക്കൊപ്പം ബോംബെയിലെ ഗാലറി 7ൽ നടന്ന ചിത്ര പ്രദർശനത്തിലും 1987ൽ ഇന്ത്യൻ റാഡിക്കൽ ഗ്രൂപ്പിന്റെ ബറോഡ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നടന്ന മൂന്ന് പ്രദർശനങ്ങളിലും പങ്കെടുത്തു. പാരീസ്, വിൽസ, ജനീവ എന്നിവിടങ്ങളിൽ നടന്ന പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.

ചിത്രകാരൻ കെ. പ്രഭാകരൻ അന്തരിച്ചു

ദ ഗ്രേറ്റ് പ്രൊസെഷൻ എന്ന പേരിൽ സഹയാത്രികയായ കബിത മുഖോപാധ്യായോടൊപ്പം 2000-07ൽ കേരളത്തിൽ 14 പ്രദർശനങ്ങൾ നടത്തി. പേരിട്ടിട്ടില്ലാത്ത കുറച്ച് ജലഛായ, ചാർകോൾ ചിത്രങ്ങൾ കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രകാരനുമായി ബന്ധപ്പെട്ട കൂട്ടുകാർ, കുടുംബം, പ്രകൃതി, രാഷ്ട്രീയം, ഓർമകൾ തുടങ്ങിയവയാണ് ഈ കാൻവാസുകളിൽ വരച്ചത്.

1995ൽ കേന്ദ്രസർക്കാർ സീനിയർ ഫെലോഷിപ്പ് നൽകി ആദരിച്ചു. 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 2014ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് കണ്ണാടിക്കലിൽ പരേതനായ കുന്നുമ്മൽ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. കിഷൻ (സ്‍പൈസസ് ബോർഡ് ഹൈദരാബാദ്), കബീർ (ഫോറസ്‍ട്രി വിദ്യാർഥി, അരുണാചൽ പ്രദേശ്), കൃഷ്ണ, നിരഞജന എന്നിവരാണ് മക്കള്‍. ധന്യയാണ് മരുമകള്‍. ചിന്ത രവിയെ കൂടാതെ ഭാരതി, സുമതി, ലളിത, ശശിധരൻ, പരേതരായ ഭാസ്കരൻ, കെ. സുധാകരൻ എന്നിവരും സഹോദരങ്ങളായുണ്ട്.