LiveTV

Live

Kerala

കേരളത്തില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി

കേരളത്തില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട് ആറ്, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്. രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.

ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്‌. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയില്‍ലും നിരീക്ഷണത്തിലുണ്ട്‌. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണിന്റെ ഗൗരവം പലരും ഉള്‍ക്കൊള്ളുന്നില്ല

ലോക്ക്ഡൗണ്‍ പോലുള്ള സാഹചര്യം നമ്മുടെ നാട്ടില്‍ ആദ്യമാണ്. അതിന്റേതായ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലുകളാണ് ഉണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ ആദ്യ ദിനമായ ഇന്ന് അതിന് വിരുദ്ധമായ കാഴ്ചകളാണ് കണ്ടത്. അനാവശ്യമായ യാത്രകളും പുറത്തിറങ്ങലുമൊക്കെ ഇന്ന് കണ്ടു. അത്തരത്തിലുള്ളവ ഇനി കണ്ടാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്നലെ പറഞ്ഞിരുന്നു.

ടാക്‌സികളും ഓട്ടോറിക്ഷകളും അടിയന്തര വൈദ്യ സഹായത്തിനും അവശ്യ സാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിന് മാത്രമേ ഉപയോഗിക്കാവു. ഇത്തരം വണ്ടികളില്‍ ഡ്രൈവര്‍ക്ക് പുറമെ മുതിര്‍ന്ന ഒരാള്‍ക്ക് കൂടി യാത്ര ചെയ്യാം.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാനാണ് അനുമതി. അത് ഒരു അവസരമായി ആരും എടുക്കേണ്ടതില്ല. അത്തരം യാത്രക്കാരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും. പറയുന്ന കാര്യത്തിനല്ല യാത്രയെങ്കിൽ നടപടിയുണ്ടാകും. അഞ്ചിലധികം പേര്‍ ഒത്തു കൂടുന്നത് നിരോധിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അവശ്യസര്‍വീസുകളുടെ ഭാഗമായി ജോലിക്കെത്തേണ്ടവര്‍ക്ക് പാസ് സൗകര്യം

അവശ്യസര്‍വീസുകളുടെ ഭാഗമായി ജോലിക്കെത്തേണ്ടവര്‍ക്ക് പാസ് സൗകര്യം ഏര്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ഐഡികാര്‍ഡ് ഉപയോഗിച്ചാല്‍ മതി.

മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ഐഡികാര്‍ഡ്് ഉപയോഗിച്ചാല്‍ മതിയെന്നും പിണറായി പറഞ്ഞു.

വില കൂട്ടി വില്‍ക്കരുത്, പൂഴ്ത്തിവെക്കരുത്

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമെ തുറക്കാന്‍ പാടുള്ളു. കടകള്‍ ആളുകളുടെ അത്യാവശ്യത്തിനാണ് തുറക്കുന്നത്. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല. കടകളിലെത്തി കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാവണം സാധനങ്ങള്‍ വാങ്ങേണ്ടത്. വാങ്ങിയ ശേഷം അവിടെ തങ്ങിനില്‍ക്കാന്‍ പാടില്ല.

ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. ഇത് ഒരു അവസരമാണ് അല്‍പം വില കൂട്ടിക്കളയാം എന്ന ധാരണയില്‍ ആരും നീങ്ങാന്‍ പാടില്ല. വില കൂട്ടിവില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. ചെറിയ ചില പ്രവണത ആരംഭിച്ചതായി കാണുന്നുണ്ട്. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അത് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ ഒരുദാക്ഷിണ്യവും ഇല്ലാത്ത നടപടിയുണ്ടാകും. കുറച്ച് കാശ് മോഹിച്ച് ഇതുപോലെ കാര്യങ്ങള്‍ ചെയ്താല്‍ വലിയ വിഷമം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.