LiveTV

Live

Kerala

കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി കോവിഡ്; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

ഹോട്ടലുകളും, ലോഡ്ജുകളും, അപ്പാട്ട്മെന്റുകളുമുള്‍പ്പെടെ ഏറ്റെടുത്ത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കരുതലുകള്‍. ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഐസോലേഷന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി കോവിഡ്; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഏറ്റവുമൊടുവില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17ന് ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മൂന്നാമത്തെ രോഗി സമൂഹവ്യാപനമുണ്ടാകുന്ന രീതിയില്‍ ഇടപഴകിയിട്ടില്ല.

എന്നാല്‍ നാലാമത്തെ രോഗി മാര്‍ച്ച് 20ന് അബൂദബിയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തുകയും പിന്നീട് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍ മാര്‍ച്ച് 17ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6E 89 വിമാനത്തില്‍ രാവിലെ 10.15ന് കോഴിക്കോടെത്തി. 11 മണിയോടെ സ്വകാര്യവാഹനത്തില്‍ വീട്ടില്‍‌ പോയി. വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞു. മാര്‍ച്ച് 17ന് തന്നെ രാത്രി എട്ടിനും എട്ടരക്കുമിടക്ക് നാദാപുരം ഗവ. ആശുപത്രിയില്‍ സ്വന്തം വാഹനത്തിലെത്തി ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദേശ പ്രകാരം 21ആം തീയതി വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. പിന്നീട് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ 21ന് മെഡിക്കല്‍ കോളജ് ഐസൊലേഷനിലേക്ക് മാറ്റി.

എന്നാല്‍ രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍ ദുബൈയില്‍ നിന്ന് വന്നിറങ്ങിയത് ചെന്നൈയിലാണ്. മാര്‍ച്ച് 20ന് എയര്‍ ഇന്ത്യയുടെ AI 906 വിമാനത്തില്‍ രാവിലെ 4.30ന് ലാന്‍ഡിങ്. അന്ന് രാവിലെ 5.30 മുതല്‍ രാത്രി എട്ട് മണിവരെ ചെന്നൈയില്‍ സുഹൃത്തിന്റെ വാടക വീട്ടില്‍. രാത്രി എട്ടിനും എട്ടരക്കുമിടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍. ശേഷം എട്ടരക്കുള്ള ചെന്നൈ-മംഗലാപുരം ട്രെയിനിന്റെ B3 കോച്ചില്‍ യാത്ര ചെയ്തു. 21ന് രാവിലെ 7.35ന് കോഴിക്കോട് സ്റ്റേഷനില്‍ നാലാം പ്ലാറ്റ്ഫോമില്‍. സ്റ്റേഷനിലെ പരിശോധനക്ക് ശേഷം ഇയാളെ എട്ട് മണിയോടെ ആംബുലന്‍സില്‍ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കാസര്‍കോട് സ്വദേശിയുടെ റൂട്ട്മാപ്പും പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 19ന് എയര്‍ ഇന്ത്യയുടെ AI 938 വിമാനത്തില്‍ രാവിലെ 8.30 ന് ഇയാള്‍ ലാന്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.

ഈ മൂന്ന് രോഗികളും സഞ്ചരിച്ച ഇന്‍ഡിഗോ 6E 89, AI 938, ചെന്നൈ-മംഗലാപുരം മൈലിലെ B2 കോച്ച് എന്നിവയില്‍ യാത്ര ചെയ്തവര്‍ കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ഹോട്ടലുകളും, ലോഡ്ജുകളും, അപ്പാട്ട്മെന്റുകളുമുള്‍പ്പെടെ ഏറ്റെടുത്ത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കരുതലുകള്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് നടപടി. ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഐസോലേഷന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ നിരോധനാജ്ഞ. കടകളില്‍ പോലും അഞ്ചിലധികം ആളുകള്‍ നില്‍ക്കാതിരിക്കാന്‍ സുരക്ഷാമുന്നൊരുക്കം.1000ത്തിലധികം രോഗികളെ പാര്‍പ്പിക്കുന്നതിന് വേണ്ടി ഇപ്പോഴിതാ ഹോട്ടലുകളും, ലോഡ്ജുകളും, അപ്പാട്ട്മെന്‍റുകളും, റിസോര്‍ട്ടുകളും, ഹോസ്റ്റലുകളുമെക്കെ ഏറ്റെടുത്ത് ഐസലോഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുന്നു.

ഒരു വിട്ടുവീഴ്ചയുമില്ലാത്ത മുന്‍കരുതലുകളാണ് കോഴിക്കോട് ജില്ലാ ഭരണകൂടം എടുക്കുന്നത്. പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തുന്നുണ്ട്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ അത് നടപ്പിലാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വേണ്ടത്ര ആവശ്യസാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു.