LiveTV

Live

Kerala

ആസ്ട്രേലിയയില്‍ നിന്നെത്തിയ മകന്‍ വീട്ടിലില്ല; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കോഴിക്കോട് മുന്‍ മേയര്‍ക്കെതിരെ കേസ്

തന്റെയും മരുമകളുടെയും ചിത്രങ്ങള്‍ പുരുഷ ഹെല്‍ത്ത് വര്‍ക്കര്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇത് ചോദ്യം ചെയ്തതിനാണ് കേസ് എടുത്തതെന്നും പ്രേമജം

ആസ്ട്രേലിയയില്‍ നിന്നെത്തിയ മകന്‍ വീട്ടിലില്ല; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കോഴിക്കോട് മുന്‍ മേയര്‍ക്കെതിരെ കേസ്

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കോഴിക്കോട് മുന്‍ മേയര്‍ എ കെ പ്രേമജത്തിനെതിരെ കേസ്. ആസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ പ്രേമജത്തിന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആസ്ട്രേലിയ ഉൾപ്പടെയുള്ള 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് നിരീക്ഷണ കാലാവധി.

എന്നാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോൾ പ്രേമജത്തിന്റെ മകന്‍ പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രേമജം അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി. സംഭവത്തില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.

മകന്‍ പുറത്ത് പോയത് അത്യാവശ്യ മരുന്ന് വാങ്ങാനാണെന്നും തന്റെയും മരുമകളുടെയും ചിത്രങ്ങള്‍ പുരുഷ ഹെല്‍ത്ത് വര്‍ക്കര്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിനാണ് കേസ് എടുത്തതെന്നുമാണ് പ്രേമജം നല്‍കുന്ന വിശദീകരണം.

കോവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ അഞ്ചു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ, പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കെതിരെയാണ് കേസുകള്‍. മലപ്പുറത്ത് നിര്‍ബന്ധിത നിരീക്ഷണ നിര്‍ദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ഇയാളുടെ ഭാര്യയേയും സ്ഥാപനത്തിലെ ജീവനക്കാരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്. കാസർഗോഡ് ഉദുമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് പാലക്കാട് ആലത്തൂർ പൊലീസ് കേസ് എടുത്തത്. അവധിക്ക് നാട്ടിലെത്തിയ ഉദ്യോഗസ്ഥൻ ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നതിനാണ് കേസ്

കണ്ണൂർ ഇരിക്കൂറിൽ ഷാർജയിൽ നിന്ന് വന്ന ആൾക്കെതിരെ കേസ്. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നതിനാണ് പോലീസ് കേസെടുത്തത്. ഇരിക്കൂർ പടയങ്ങോട് സ്വദേശിക്കെതിരെയാണ് കേസെടുത്തത്.