LiveTV

Live

Kerala

വയനാട്ടില്‍ വിലക്ക് വിനോദസഞ്ചാരികള്‍ക്ക് മാത്രം; യാത്രാ വിലക്കില്ല

വയനാട്ടില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് ബസ് യാത്ര ചെയ്യുന്നതിനും ബസുകളില്‍ വയനാട്ടുകാര്‍ക്ക് തിരിച്ചെത്തുന്നതിനും തടസ്സമില്ലെന്നും കലക്ടര്‍

വയനാട്ടില്‍ വിലക്ക് വിനോദസഞ്ചാരികള്‍ക്ക് മാത്രം; യാത്രാ വിലക്കില്ല

വയനാട് ജില്ലയിലേക്ക് അത്യാവശ്യ കാര്യങ്ങള്‍‍ക്കെത്തുന്നവരെ തടയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല. വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. വയനാട്ടില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് ബസ് യാത്ര ചെയ്യുന്നതിനും ബസുകളില്‍ വയനാട്ടുകാര്‍ക്ക് തിരിച്ചെത്തുന്നതിനും തടസ്സമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ചുരങ്ങളില്‍ പരിശോധന തുടരും.

കെ.എസ്.ആർ.ടിസി, സ്വകാര്യ ബസ്സുകൾക്ക് വയനാട്ടിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് സ്വകാര്യ ബസ്സുകൾ വരുന്നതിനും തടസ്സമുണ്ടാവില്ല. മറ്റ് ജില്ലകളിൽ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ വയനാട്ടിൽ തങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ കാര്യങ്ങൾക്ക് വരുന്നവരെ എവിടേയും തടഞ്ഞു നിർത്തില്ലെന്നും കലക്ടര്‍ പറഞ്ഞു.

തിരിച്ചറിയൽ രേഖ സഹിതം സന്ദർശനത്തിന്റെ ആവശ്യം പൊലീസിനെ അറിയിച്ചാൽ പ്രവേശനം അനുവദിക്കുന്നതാണ്. വയനാട്ടുകാർക്ക് മറ്റ് ജില്ലകളിലേക്ക് പോകുന്നതിനും തടസ്സമുണ്ടാവില്ല.

അതേസമയം വിനോദ സഞ്ചാരത്തിനായി ചുരം കയറുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ തടയും. ചുരങ്ങളോട് ചേര്‍ന്ന ലക്കിടി, ബോയ്സ് ടൌണ്‍, പേരിയ, നിരവില്‍പുഴ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടക്കും. തമിഴ്‍നാട്, കര്‍ണാടക അതിര്‍ത്തികള്‍ വഴിയും യാത്രാ നിയന്ത്രണങ്ങളുണ്ട്. മുത്തങ്ങ, തോല്‍പെട്ടി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലേക്കുള്ള ചെക്ക് പോസ്റ്റുകളിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍.

എന്നാല്‍ ബാവലി വഴി മൈസൂരിലേക്ക് കാലത്ത് 6 മുതല്‍ വൈകിട്ട് 6 വരെ യാത്രകള്‍ക്ക് നിലവില്‍ തടസ്സമില്ല. ജില്ലയില്‍ ഇതിനകം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1142 ആയി. ഇതില്‍ 225 കേസുകള്‍ പുതിയതാണ്. 33 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 5 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.