LiveTV

Live

Kerala

കാസര്‍കോട് ജില്ലയില്‍ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തി

11 മണിക്ക് മുമ്പ് ആളുകള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന വിലക്ക്

കാസര്‍കോട് ജില്ലയില്‍ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തി

കാസര്‍കോട് ജില്ലയില്‍ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തി. നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച് സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തും. നിയന്ത്രണം കര്‍ശനമാക്കിയ ജില്ലയില്‍ കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. പൊലീസ് പരിശോധനയും കര്‍ശനമാക്കി. 11 മണിക്ക് മുമ്പ് ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്.

കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് പ്രഖ്യാപിച്ച നിരോധനാജ്ഞയെ തുടര്‍ന്ന് ജില്ലയില്‍ പൊതുഗതാഗത സംവിധാനം നിശ്ചലം. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഓടുന്നില്ല. ഒറ്റപ്പെട്ട ഓട്ടോറിക്ഷകള്‍ മാത്രം നിരത്തിലുണ്ട്. ആവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. കടകളിലെത്തുന്നവര്‍ ഒന്നരമീറ്റര്‍ അകലം പാലിച്ച് ക്യൂ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നത്.

സ്ഥലത്ത് പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് രാവിലെ 11 മണിക്ക് മുമ്പ് നഗരത്തിലെത്തിയ വാഹനങ്ങളെ പൊലീസ് തിരിച്ചയച്ചു. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച 2 വയസ്സുള്ള കുട്ടിയുടേത് ഉള്‍പ്പടെയുള്ള 19 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. കോവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ശ്രമകരമായ ജോലിയാണ്. എന്നാല്‍ അതുകൊണ്ട് ഉദ്ദേശിച്ച ഫലവും ലഭിക്കുന്നില്ല.

റൂട്ട് മാപ്പ് ഒഴിവാക്കി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച് സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ കൊണ്ടുവരികയാണ് ആരോഗ്യവകുപ്പിന്റെ ഉദ്ദേശം. ഓരോ ദിവസവും ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലാ ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും ഐസോലേഷന്‍ വിപുലപ്പെടുത്തി. കൂടാതെ സ്വകാര്യ ആശുപത്രികളിലും കെട്ടിടങ്ങളിലും ഐസോലേഷന്‍ സംവിധാനം ‌ സജ്ജീകരിച്ചു.