LiveTV

Live

Kerala

കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിരോധനാജ്ഞ

കേരളത്തില്‍ ലോക്ഡൌണ്‍, ആറ് ജില്ലകളില്‍ നിരോധനാജ്ഞ

 കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിരോധനാജ്ഞ

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്‍.പി.സി) സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ഇന്ന് മുതല്‍ മാര്‍ച്ച് 31 അര്‍ധ രാത്രി വരെ പ്രാബല്യത്തിലാണ് പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ പ്രകാരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

  • ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
  • സ്‌കൂളുകള്‍, കോളെജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു
  • ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ ഒന്നിലധികം പേര്‍ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.
  • ടൂര്‍ണ്ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.
  • എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
  • ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്തേണ്ടതാണ്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടുവാന്‍ പാടുള്ളതല്ല.
  • എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
  • വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പൊലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്.
  • 'ബ്രെയ്ക് ദ ചെയിന്‍' ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
  • വന്‍കിട ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

പത്തനംതിട്ട ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നും എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 10 ആയി. ഖത്തറിൽ നിന്നും ഇക്കഴിഞ്ഞ ഇരുപതിന് നാട്ടിലെത്തിയ ആൾക്കാണ് ജില്ലയിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.

QR 506 ഖത്തർ എയർവെയ്സിലാണ് ഇയാൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയത്. ഇവിടെ നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വഴി വെഞ്ഞാറമ്മൂട്ടിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. സഞ്ചരിച്ച ഫ്ലൈറ്റിലുണ്ടായിരുന്നവരുമായി മാത്രമാണ് നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുള്ളത്. ഇതിൽ 9 പേർ പത്തനംതിട്ട സ്വദേശികളും 8 പേർ ജില്ലയ്ക്ക് പുറത്തുനിന്ന് ഉള്ളവരുമാണ്.

ജില്ലയിൽ ഇതുവരെ 15 പേർ ആശുപത്രി ഐസൊലേഷനിലും 4565 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 2408 പേരും ഗൾഫ് രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവരാണ്. അതേസമയം വീടുകളിൽ നിരീക്ഷണത്തിൽ നിന്നും പുറത്തിറങ്ങിയ 16 പേർക്കെതിരെ പുതുതായി കേസ് രജിസ്റ്റർ ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

വയനാട് ജില്ലയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവി‍ഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍ കരുതലിന്റെ ഭാഗമായി വയനാട് ജില്ലയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ‍ഡൌണിലേക്ക് പോകുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വയനാട് ജില്ലയില്‍ 144 പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു കൂടാൻ പാടില്ല.

മതപരമായ ആഘോഷങ്ങൾ, ഉത്സവങ്ങൾ, ആരാധനയ്ക്കായി ഒത്തുചേരൽ എന്നിവ ഒഴിവാക്കണം. ടൂർണ്ണമെന്റുകൾ, കായിക മത്സരങ്ങൾ, ഘോഷയാത്രകൾ എന്നിവക്ക് വിലക്കുണ്ട്. ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിലേക്കുള്ള പ്രവേശം അനുവദിക്കില്ല. ജില്ലയ്ക്ക് അകത്തുള്ള അനാവശ്യ സഞ്ചാരം പാടില്ല. വിവാഹം, ഗൃഹപ്രവേശ ചടങ്ങുകൾ തുടങ്ങിയവ നിരോധിച്ചു.

അവശ്യ വസ്തുക്കള്‍ ലഭ്യമാകും. പാൽ, വെള്ളം മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കാം. പെട്രോള്‍ പമ്പുകള്‍, ടെലികോം, പോസ്റ്റ് ഓഫിസ്, എ.ടി.എം, ബാങ്ക് എന്നിവക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഇവിടങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി പൊലീസിന്റെ സഹായം തേടാം. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.

സമീപ ജില്ലകളിൽ നിന്നും കോവിഡ് രോഗലക്ഷണമുള്ളവര്‍ വയനാട്ടിലേക്ക് എത്തുന്നതായും ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. ചരക്കു വാഹനങ്ങളുടെ പ്രവേശനം വിലക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

ജില്ലയിൽ കോവിഡ് 19 രോഗലക്ഷണങ്ങളോടെ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് ജില്ലയില്‍ പുതിയ 326 പേരടക്കം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1142 ആയി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാലുപേരെയാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതിനകം ലഭിച്ച 28 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്.

സമീപ ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രവേശന നിയന്ത്രണം നിലവില്‍വന്നശേഷവും ക്വാറന്‍റൈന്‍ ലംഘിച്ച് 4 യുവാക്കള്‍ ബസ് മാര്‍ഗ്ഗം വയനാട്ടിലെത്തിയതായി കലക്ടര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം തിരിച്ചയച്ചു. ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ശന പരിശോധനയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് തിരിച്ചയച്ചത് എന്നാല്‍ ചരക്കു വാഹനങ്ങള്‍ക്ക് ജില്ലയില്‍ പ്രവേശന വിലക്കില്ലെന്നും കലക്ടര്‍ പറഞ്ഞ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുനിന്ന് വയനാട്ടിലെത്തിയവരെയെല്ലാം തിരിച്ചയച്ചതായും കലക്ടര്‍ അറിയിച്ചു.

കണ്ണൂരിൽ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേരും ദുബൈയിൽ നിന്ന് വന്നവരാണ്. നാല് പേർ കണ്ണൂരിലും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. കൂടുതൽ രോഗബാധിതരുണ്ടായാൽ അവരെ പാർപ്പിക്കാനുള്ള സംവിധാനം ജില്ലയിൽ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ EK 532 എന്ന വിമാനത്തിൽ മാർച്ച് 22 ന് രാവിലെ കൊച്ചിയിലെത്തിയ അഞ്ച് കണ്ണൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ കൂത്തുപറമ്പ് സ്വദേശിയും മറ്റ് നാല് പേർ പാനൂർ സ്വദേശികളുമാണ്. ഇവരടക്കം 28 പേരുടെ സംഘം ഒന്നിച്ചാണ് ഈ വിമാനത്തിൽ വന്നത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കളമശേരി മെഡിക്കൽ കോളേേജിലെത്തിയാണ് ഇവർ സാമ്പിൾ നൽകിയത്. രോഗലക്ഷണങ്ങൾ കാണിച്ച കൂത്തുപറമ്പ് സ്വദേശി കളമശേരി മെഡിക്കൽ കോളേേജിൽ നിരീക്ഷണത്തിലാണ്. പ്രത്യേകം ആംബുലൻസുകളിൽ വീടുകളിലെത്തിയ മറ്റ് നാല് പേരെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ രോഗമുള്ള 12 പേരാണ് നിരീക്ഷണത്തിലുള്ളത്. 72 പേർ ആശുപത്രികളിലും 6432 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും പോലീസിന്റെ സഹായം തേടുമെന്നും ജില്ലാ കലക്ടർ പറഞ്ഞു

ഹോം ഐസൊലേഷനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി 1000 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള കൊറോണ കെയർ സെന്ററുകൾ ജില്ലയിൽ സജ്ജമായിക്കഴിഞ്ഞു. അതിനിടെ കണ്ണൂർ - കാസർകോട് അതിർത്തി റോഡുകൾ പൂർണ്ണമായും അടച്ചിട്ടുണ്ട്.

എറണാകുളത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിലാകെ രോഗം ബാധിച്ചവരുടെ എണ്ണം 16ആയി. ഇതില്‍ ഏഴ് പേര്‍ വിദേശികളാണ്. സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാണിജ്യതലസ്ഥാനമായ കൊച്ചി പൂര്‍ണ്ണമായും നിശ്ചലമാകും. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ ദുബൈയില്‍ നിന്നും ഞായറാഴ്ച നെടുമ്പാശ്ശേരിയിലെത്തിയ 57കാരനായ എറണാകുളം സ്വദേശിയാണ്. മറ്റൊരാള്‍ മുന്നാറില്‍ നിന്നും കടന്ന യുകെ സ്വദേശി ഉള്‍പ്പെട്ട സംഘത്തിലെ ഒരാളുടെ ഭാര്യയാണ്. ഇതോടെ 19അംഗ സംഘത്തിലെ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ എറണാകുളം സ്വദേശികളാണ്. ജില്ലയില്‍ 29പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 24 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 5 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കോവിഡ് നിരീക്ഷണകേന്ദ്രമാക്കി മാറ്റികഴിഞ്ഞു. 4201 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണ മാനദ്ദണ്ഡങ്ങള്‍ ലംഘിച്ച 3 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലും കര്‍ശനനിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ടുണ്ട്. മെട്രോ നഗരമായ കൊച്ചി പൂര്‍ണ്ണമായും നിശ്ചലമാകുന്ന സാഹചര്യമാണുണ്ടാവുക. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഭൂരിഭാഗം കമ്പനികളും ഇതിനോടകം തന്നെ വര്‍ക്ക് ഫ്രെം ഹോം സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനാൽ ശേഷിക്കുന്ന കമ്പനികളും ഈ സംവിധാനത്തിലേക്ക് മാറിയേക്കും.

ഇന്നലെ നഗരത്തിലെ 40ശതമാനം കടകളും തുറന്നിരുന്നില്ല നിരത്തുകളിലും പതിവില്‍ നിന്നും തിരക്ക് കുറവായിരുന്നു. ജനം പൂര്‍ണ്ണമായും ലോക്ക്ഡൌണിനോട് സഹകരിക്കുമെന്നാണ് ജില്ല ഭരണകൂടം പ്രതീക്ഷിക്കുന്നത്.

കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതോടെ കോട്ടയം ജില്ലയും അതീവ ജാഗ്രതയില്‍. ആളുകള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശ നിര്‍ദ്ദേശം ജില്ല കലക്ടര്‍ നല്കിയിട്ടുണ്ട്. കൂട്ടം കൂടിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും.

കോട്ടയത്ത് ഇതുവരെ രണ്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരെയും വിദേശത്ത് നിന്നെത്തുന്നവരെയും വീടുകളില്‍ നിരീക്ഷിക്കുകയാണ്. രോഗലക്ഷണമുള്ളവരെ മാത്രമാണ് നിലവില്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്. നിലവില്‍ 7 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളത്. നിലവില്‍ 2503 ഹോം ക്വാറന്റൈനിലുണ്ട്. 194 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ 155ഉം നഗറ്റീവാണ്. 34 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സമൂഹ വ്യാപനം തടയാനുള്ള കര്‍ശന നടപടികളിലേക്ക് കടക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.

നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയതിന് ജില്ലയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ ഇന്ന് മുതല്‍ ഉണ്ടാകൂ.

എറണാകുളം മെഡിക്കൽ കോളജ് കോവിഡ് - 19 ചികിത്സ കേന്ദ്രമാക്കിയതോടെ ആശുപത്രിയിൽ രോഗബാധിതരായ ആളുകൾക്കുള്ള സുരക്ഷയും സൗകര്യവും വർധിപ്പിച്ചു. നിലവിൽ കളമശേരി മെഡിക്കൽ കോളജ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നീ രണ്ട് കേന്ദ്രങ്ങളാണ് പൂർണ തോതിൽ ഐസൊലേഷൻ സെൻററുകളായി പ്രവർത്തിക്കുന്നത്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ മുപ്പതും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പതിമൂന്നും ഐസൊലേഷൻ വാർഡുകൾ വീതമാണ് നിലവിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ഇവ നാല്പതും, മുപ്പത്തൊൻപതുമായി വിപുലപ്പെടുത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഐസൊലേഷൻ വാർഡുകളിലേക്കു പ്രത്യേകമായി ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർമാർ തുടങ്ങിയവരെ നിയോഗിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് 4 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ 6 ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. ഐസൊലേഷൻ വാർഡുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഐസൊലേഷൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ള ഓരോ വ്യക്തികൾക്കും ശുചിമുറി സൗകര്യങ്ങളോടു കൂടിയ പ്രത്യേക മുറികളാണ് ഒരുക്കിയിട്ടുള്ളത്. പനിയും, ചുമയുമായി എത്തുന്ന രോഗികൾ യാത്രാ ചരിത്രം ഉണ്ടെങ്കിൽ ജനറൽ ഒ. പി യിൽ സന്ദർശനം ഒഴിവാക്കി ഐസൊലേഷൻ വാർഡിലേക്ക് എത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം അടങ്ങിയ സൂചന ബോർഡുകൾ ആശുപത്രികളുടെ എല്ലാ ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്.

കളമശ്ശേരിയും മൂവാറ്റുപുഴയും കൂടാതെ അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃപ്പുണിത്തുറ താലൂക്ക് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി 113 ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 72 കോവിഡ് കെയർ സെന്ററുകളിലായി 1801 റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.