LiveTV

Live

Kerala

കോവിഡ് പ്രതിരോധം: ജനതാ കർഫ്യു ഏറ്റെടുത്ത് ജനങ്ങള്‍

വീടുകളിൽ നിന്ന് ജനങ്ങൾ പുറത്തിറങ്ങിയില്ല.

കോവിഡ് പ്രതിരോധം: ജനതാ കർഫ്യു ഏറ്റെടുത്ത് ജനങ്ങള്‍

ജനത കർഫ്യുവിനോട് കേരളീയരുടെ പൂര്‍ണ സഹകരണം. ഗ്രാമ, നഗര ഭേദമന്യ ജനജീവിതം നിശ്ചലമായി. പൊതു ഗതാഗത സംവിധാനം പ്രവർത്തിച്ചില്ല.

വീടുകളിൽ നിന്ന് ജനങ്ങൾ പുറത്തിറങ്ങിയില്ല. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞു കിടന്നു. ബസും ട്രെയിനും ഉൾപ്പടെയുളള ഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല. ഏതൊരു ഹർത്താൽ ദിനത്തിലുണ്ടാകുന്നതിനപ്പുറം നിശ്ചലമായിരുന്നു സംസ്ഥാനത്ത് ഇന്ന് ജനജീവിതം. തിരുവനന്തപുരത്ത് പ്രധാന തെരുവുകൾ ഏറെക്കുറെ വിജനമായിരുന്നു. കെഎസ്ആർടിസി സർവീസുകളൊന്നും നടത്തിയില്ല. ബസുകൾ ഉൾപ്പടെയുളള സ്വകാര്യ വാഹനങ്ങളും സർവീസുകൾ റദ്ദാക്കി. അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവന്ന ചുരുക്കം ചിലർ മാത്രമാണ് നിരത്തുകളിലുണ്ടായിരുന്നത്.

കൊച്ചി ഉൾപ്പടെയുളള മധ്യകേരളവും ജനതാ കർഫ്യുവിനോട് പൂർണ്ണമായി സഹകരിച്ചു. മാളുകൾ ഉൾപ്പെടെ വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞു കിടന്നു. ഫ്ലാറ്റുകളിൽ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് അതത് റസിഡൻസ് അസോസിയേഷനുകളുടെ നിർദേശമുണ്ടായിരുന്നു. കൊച്ചി മെട്രോയും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ചരക്കുവാഹനങ്ങളും ചുരുക്കം ചില വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്.

മലബാറിലും ജനത കർഫ്യു ജനങ്ങൾ ഏറ്റെടുത്തു. പ്രമുഖ വ്യാപാര കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു. അങ്ങിങ്ങായി സ്വകാര്യ വാഹനങ്ങൾ മാത്രമാണ് പുറത്തിറങ്ങിയത്. ജനത കർഫ്യൂവിൻറെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.