LiveTV

Live

Kerala

കോവിഡ് ജാഗ്രത: ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് മാറ്റങ്ങളോടെ

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ 50 ശതമാനം കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.

കോവിഡ് ജാഗ്രത: ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് മാറ്റങ്ങളോടെ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളും ജാഗ്രതയിലാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ 50 ശതമാനം കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.

ഇന്‍ഫോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജോലിസംബന്ധമായ യാത്രകളും ഒഴിവാക്കി. ഓഫീസില്‍ വരുന്നവരെ തെര്‍മല്‍ സ്കാനിങിനും വിധേയമാക്കുന്നുണ്ട്. ഇന്റര്‍വ്യൂകളും കോണ്‍ഫറന്‍സുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു. 50 ശതമാനത്തിലധികം തൊഴിലാളികളും വീടുകളിലിരുന്നാണ് ജോലിചെയ്യുന്നത്. കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ ഈ സംവിധാനത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഐടി തൊഴിലാളികളുടെ കൂട്ടായ്മകളും ബോധവത്കരണ പരിപാടികളുമായി രംഗത്തുണ്ട്.

തിരക്ക് കുറക്കാന്‍ ഓഫീസ് ക്യാന്‍റീനുകള്‍ പ്രത്യേക സമയക്രമം പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവരുടെ ടേബിളില്‍ തന്നെ ഫുഡെത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഇങ്ങനെ പലവിധത്തിലുള്ള മുന്‍കരുതലുകളാണ് കോവിഡ് 19ന്റെ സാമൂഹ്യ വ്യാപനത്തെ തടയാന്‍ ഐ.ടി മേഖലകള്‍ കൈക്കൊള്ളുന്നത്.