LiveTV

Live

Kerala

ക്വാറന്‍റൈൻ നിര്‍ദേശം ലംഘിച്ചാല്‍ പാസ്പോർട്ട് കണ്ടുകെട്ടും: വയനാട് ജില്ലാ ഭരണകൂടം

കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്

 ക്വാറന്‍റൈൻ നിര്‍ദേശം ലംഘിച്ചാല്‍ പാസ്പോർട്ട് കണ്ടുകെട്ടും: വയനാട് ജില്ലാ ഭരണകൂടം

കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായുള്ള ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം. പാസ്പോർട്ട് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. ജാഗ്രത തുടരണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു‍. അതിര്‍‍ത്തി പരിശോധന തമിഴ്നാടും കര്‍ണാടകയും ശക്തമാക്കി.

വയനാട് ജില്ലയിലെ കോവിഡ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചു. എന്നാല്‍ ജാഗ്രത തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനകം പരിശോധനക്കയച്ച 32 സാമ്പിളുകളില്‍ ലഭിച്ച 28ഉം നെഗറ്റീവാണ്. പുതിയ 153 പേരടക്കം 912 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ ക്വാറന്‍റൈന്‍ ലംഘിക്കുന്ന സംഭവങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജില്ലാ ഭരണകൂടം തുടരുന്നത്. ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി പഴുതടച്ച നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. പിടിക്കപ്പെട്ടാല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. വിദേശത്തു നിന്ന് എത്തുന്നവർക്ക് വലിയ നിയമക്കുരുക്കുകൾക്ക് ഇത് വഴി വെക്കും. കാസർഗോഡ് ജില്ലയിൽ നിന്ന് വയനാട്ടിലെത്തുന്ന മുഴുവൻ ആളുകളും സ്വന്തം നിലയിൽ ക്വാറന്‍റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ല ആവശ്യപ്പെട്ടു.

കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്‍റെ പേരില്‍ മൂന്ന് പേര്‍ പിടിയിലായി ഇതേ കേസില്‍ ഇനിയും അറസ്റ്റ് നടന്നേക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു.

തമിഴ്നാട്, കര്‍ണാടക അതിര്‍‍ത്തികളില്‍ കഴിഞ്ഞ ദിവസം കര്‍ശന പരിശോധനകളാണ് നടന്നത്. എമര്‍ജന്‍സി വാഹനങ്ങള്‍ പോലും അണുവിമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിട്ടത്. തമിഴ്നാട് അതിര്‍ത്തി കടന്നുള്ള ബസ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു.