LiveTV

Live

Kerala

കോവിഡ് നിയന്ത്രണത്തിനിടയിലും ബാങ്കുകളില്‍ തിരക്ക്; ജീവനക്കാര്‍ ആശങ്കയില്‍

സ്വര്‍ണ പണയ, കാര്‍ഷിക വായ്പാ കാലാവധി ഈ മാസം അവസാനിക്കുന്നതാണ് തിരക്ക് വര്‍ധിക്കുന്നതിന് കാരണം

 കോവിഡ് നിയന്ത്രണത്തിനിടയിലും ബാങ്കുകളില്‍ തിരക്ക്; ജീവനക്കാര്‍ ആശങ്കയില്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുളള നിര്‍ദേശം നിലനില്‍ക്കേ ബാങ്കുകളില്‍ തിരക്കേറുന്നു. സ്വര്‍ണ പണയ, കാര്‍ഷിക വായ്പാ കാലാവധി ഈ മാസം അവസാനിക്കുന്നതാണ് തിരക്ക് വര്‍ധിക്കുന്നതിന് കാരണം. ഇടപാടുകാര്‍ കൂട്ടത്തോടെ വരുന്നത് തടയാന്‍ വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കണമെന്നാണ് ബാങ്ക് ജീവനക്കാരുടെ ആവശ്യം.

കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു. ആളു കൂടാന്‍ സാധ്യതയുള്ള എല്ലായിടത്തം കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബാങ്കുകളുടെ സ്ഥിതി നേരെ മറിച്ചാണ്. സ്വര്‍ണ പണയ, കാര്‍ഷിക വായ്പയുടെ കാലാവധി ഈ മാസം 31ന് കഴിയും. ഇതിനുള്ളില്‍ സ്വര്‍ണം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കില്‍ പലിശ സബ്സിഡി ലഭിക്കില്ല. ഇക്കാര്യം മിക്ക ബാങ്കുകളും ഇടപാടുകാരെ അറിയിച്ചു. ഇതോടെ വന്‍ തിരക്കാണ് ബാങ്കുകളില്‍. ഇതിനു പുറമേയാണ് സര്‍വീസ് പെന്‍ഷനുകളും എത്താന്‍ പോകുന്നത്.

ഇടപാടുകാര്‍ കൂട്ടമായെത്തുന്നത് ജീവനക്കാരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ പണയ, കാര്‍ഷിക വായ്പയുടെ കാലാവധി നീട്ടണമെന്ന ആവശ്യവും ബാങ്ക് ജീവനക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്.