LiveTV

Live

Kerala

കർണാടകയും തമിഴ്നാടും കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി; ബസ് സർവീസ് നിലച്ചു

അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് പൂർണമായും നിലച്ചു.

കർണാടകയും തമിഴ്നാടും കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി; ബസ് സർവീസ് നിലച്ചു

കോവിഡ് 19 മുൻകരുതലിൻറെ ഭാഗമായി വയനാട്ടിൽ നിന്ന് നീലഗിരിയിലേക്കും ഗുണ്ടേൽപേട്ടയിലേക്കുമുള്ള ഗതാഗതത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസ് പൂർണമായും നിലച്ചു. അതിർത്തികളിൽ പരിശോധന തുടരുന്നു. വയനാട്ടില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി.

കോവിഡ് 19 വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി കർണാടകയും തമിഴ്നാടും അതിർത്തികളിൽ നിയന്ത്രണം കർശനമാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച അർധരാത്രിയോടെ ചാമരാജ്നഗർ വഴിയുള്ള ബസ് സർവിസ് ഉൾപ്പെടെ എല്ലാ സർവിസുകളും വിലക്കി. ആവശ്യ സർവിസുകൾ അനുവദിക്കും. സ്വകാര്യ വാഹനങ്ങൾ കർശന പരിശോധനക്കുശേഷം അത്യാവശ്യമുള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളു. ഇതോടെ ജില്ലയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം നിശ്ചലമായി.

വയനാട്ടില്‍ നിന്ന് വിവിധ വഴികളിലൂടെ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളാണ് നീലഗിരി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുടകിലേക്ക് പ്രവേശിക്കുന്ന തോൽപെട്ടി, ബാവലി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന തുടർന്നു വരുന്നതിനിടയിലാണ് വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലേക്കും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കുമുള്ള ഗതാഗത നിയന്ത്രണങ്ങള്‍ കൂടി കര്‍ശനമാക്കിയത്.

പുതിയ 191 പേരടക്കം ജില്ലയിൽ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി. ഇവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 1000 ഭക്ഷണ കിറ്റുകള്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായിട്ടുണ്ട്. തോട്ടം പാടികളില്‍ നിരീക്ഷണത്തിലുള്ളവരെ ദിവസേന പാലിയേറ്റീവ് കെയര്‍ വളൻറിയർമാർ വീടുകളിലെത്തി സഹായിക്കും.

നിലവില്‍ 71 വിദേശികള്‍ ജില്ലയിലുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ച് പൊതു ഇടങ്ങളില്‍ സഞ്ചരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്നെത്തിയവരാണെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും.

നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപ ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വയനാട്ടിലേക്ക് ചുരം കയറുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നാലു ചുരങ്ങളിലും പൊലീസ് പരിശോധന ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം നിർദേശം നൽകി.