LiveTV

Live

Kerala

കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ്; കോഴിക്കോട് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് കാസര്‍കോട് കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ കാരണമായതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.

കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ്; കോഴിക്കോട് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ചുമത്തുന്നത്.

കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്ക ശക്തമായതോടെയാണ് കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. മാര്‍ച്ച് ഒന്നിന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരും നിര്‍ബന്ധിത ക്വാറന്‍റൈനിലേക്ക് പോകണമെന്നാണ് നിര്‍ദേശം. ഉത്തരവ് ലംഘിക്കുന്ന പക്ഷം ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കും.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കാനുള്ള നിര്‍ദേശം ലംഘിച്ച് പുറത്തുകടന്ന ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് മൂന്ന് പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ആരാധനാലയങ്ങള്‍, പൊതുപരിപാടികള്‍‍, ഉത്സവങ്ങള്‍ എന്നിവക്ക് അമ്പതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് കാസര്‍കോട് കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ കാരണമായതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്.