LiveTV

Live

Kerala

മലേഷ്യയില്‍ കുടുങ്ങിയവര്‍ക്ക് വിലക്ക് തീരുംവരെ ഇന്ത്യയിലേക്ക് മടങ്ങാനാകില്ല

മൂന്ന് ദിവസമായി മുന്നൂറിനടത്ത് ഇന്ത്യാക്കാരാണ് കോലാലംപൂര്‍ വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്നത്.

മലേഷ്യയില്‍ കുടുങ്ങിയവര്‍ക്ക് വിലക്ക് തീരുംവരെ ഇന്ത്യയിലേക്ക് മടങ്ങാനാകില്ല

മലേഷ്യയിലെ കോലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ല. യാത്രാവിലക്ക് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് എംബസി യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറക്കി.

മൂന്ന് ദിവസമായി മുന്നൂറിനടത്ത് ഇന്ത്യാക്കാരാണ് കോലാലംപൂര്‍ വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്നത്. എന്നാല്‍‌ ഇവരെ നാട്ടിലേക്ക് എത്തിക്കാനായി യാതൊരു വിധ ഇടപെടലും ഉണ്ടായില്ല. മലേഷ്യന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തങ്ങാന്‍ അനുവദിച്ച സമയ പരിധി കഴിഞ്ഞതോടെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെത്തി മാര്‍ച്ച് 31 കഴിയാതെ ഇന്ത്യയിലേക്ക് പോകാനാവില്ലെന്ന് അറിയിച്ചു.

താമസ സൌകര്യമില്ലാത്തവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ താമസവും ഭക്ഷണവും ഒരുക്കാമെന്ന് എംബസി അറിയിച്ചു. തുടര്‍ന്ന് മലേഷ്യന്‍ പോലീസ് എത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. നിരാശരായ യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും താമസ സ്ഥലത്തേക്ക് മടങ്ങി. വിദ്യാര്‍ത്ഥികളടക്കം ചിലര്‍ എംബസി ഒരുക്കിയ താമസസ്ഥലത്തേക്കും മാറി.