LiveTV

Live

Kerala

കോവിഡ് നിയന്ത്രണം ലംഘിച്ചു; ഉത്സവ കമ്മിറ്റിക്കും പള്ളി കമ്മിറ്റികള്‍ക്കും എതിരെ കേസ്

തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ഉൽസവ കമ്മിറ്റിക്കെതിരെയാണ് കേസ്

കോവിഡ് നിയന്ത്രണം ലംഘിച്ചു; ഉത്സവ കമ്മിറ്റിക്കും  പള്ളി കമ്മിറ്റികള്‍ക്കും എതിരെ കേസ്

സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പലയിടങ്ങളിലും പൊലീസ് കേസെടുത്തു. കണ്ണൂരില്‍ തൃച്ചമ്പരം ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിക്കും വയനാട്ടില്‍ രണ്ട് പള്ളി കമ്മിറ്റികള്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. ഇടുക്കിയിലും തിരുവനന്തപുരത്തും നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

ആരാധനാലയങ്ങളില്‍ 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളും പ്രാര്‍ഥനകളും ഒഴിവാക്കണമെന്നാണ് കോവിഡ് 19 പശ്ചാത്തലത്തിലുള്ള നിര്‍ദേശം. തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന്‍റെ ഭാഗമായി ഇന്നലെ വൈകീട്ട് നടത്തിയ ചടങ്ങില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്. കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമേ ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ മറികടന്ന് ജുമുഅ നമസ്കാരം സംഘടിപ്പിച്ച വൈത്തിരി ടൌണ്‍ ജുമുഅത്ത് പള്ളി, ചുണ്ടേല്‍ ജുമുഅത്ത് പള്ളി എന്നിവയുടെ ഭാരവാഹികള്‍ക്കെതിരെയാണ് വയനാട് പൊലീസ് കേസെടുത്തിരുക്കുന്നത്. 200ലധികം ആളുകളെ പങ്കെടുപ്പിച്ചാണ് ഇവിടങ്ങളില്‍ ജുമുഅ നമസ്കാരം നടത്തിയത്.

ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തിൽ നിയന്ത്രണം ലംഘിച്ച് പൂജയ്ക്ക് നൂറിലധികം പേരാണ് പങ്കെടുത്തത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീസ് ഓഫീസർ എം രവികുമാറിനെതിരെ പൊലീസ് കേസെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് രവികുമാർ. മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിര്‍ദേശം ലംഘിച്ച ഉത്സവം നടത്തിയതിന് ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ക്കെതിരെ നടപടിയുണ്ടാകും. ക്ഷേത്ര ഉപദേശക സമിതിയോട് വിശദീകരണം തേടും. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.