LiveTV

Live

Kerala

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

ഫുഡ് പ്ലാസകള്‍, റിഫ്രഷ്‌മെന്റ് റൂമുകള്‍, ജന്‍ ആഹാര്‍ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐ.ആര്‍സി.ടി.സി വൃത്തങ്ങള്‍ പറഞ്ഞു

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുവരെ പാസഞ്ചര്‍ തീവണ്ടികള്‍ ഓടില്ലെന്ന് റെയില്‍വെ അറിയിച്ചു. രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സര്‍വീസ് അവസാനിപ്പിക്കൂവെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാരില്ലാത്ത പാസഞ്ചര്‍ തീവണ്ടികള്‍ ആവശ്യമെങ്കില്‍ പാതിവഴിയില്‍ റദ്ദാക്കുമെന്നും റെയില്‍വെ അറിയിച്ചു. മെയില്‍, എക്‌സ്പ്രസ് തീവണ്ടികളിലെ കാറ്ററിങ് സര്‍വീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു. ഫുഡ് പ്ലാസകള്‍, റിഫ്രഷ്‌മെന്റ് റൂമുകള്‍, ജന്‍ ആഹാര്‍ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐ.ആര്‍സി.ടി.സി വൃത്തങ്ങള്‍ പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനത കര്‍ഫ്യൂ ദിവസം വീട്ടിലിരിക്കുന്നവര്‍ വീടിന്റെ പരിസരങ്ങള്‍ വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.