LiveTV

Live

Kerala

കൊറോണ; തമിഴ്‍നാട്, കര്‍ണാടക അതിര്‍ത്തികള്‍ അടക്കുന്നു

ഇന്ന് വൈകുന്നേരത്തോട് കൂടി ചെക്ക് പോസ്റ്റുകള്‍ അടയ്ക്കാനാണ് തീരുമാനം

കൊറോണ; തമിഴ്‍നാട്, കര്‍ണാടക അതിര്‍ത്തികള്‍ അടക്കുന്നു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‍നാട്, കര്‍ണാടക അതിര്‍ത്തികള്‍ അടക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്ക് പോസ്റ്റുകളും അടച്ചിടും. കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു.

ഇന്ന് വൈകുന്നേരത്തോട് കൂടി ചെക്ക് പോസ്റ്റുകള്‍ അടയ്ക്കാനാണ് തീരുമാനം. വാളയാര്‍ വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രം കടത്തിവിടും. കേരള തമിഴ്‌നാട് അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അടക്കം ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ അതിര്‍ത്തി വഴി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നുകള്‍ തളിച്ച ശേഷം ആണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്.

കോയമ്പത്തൂര്‍ കളക്ടറാണ് ചെക്കുപോസ്റ്റുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ, പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തി വാഹനങ്ങളെ തിരിച്ചയക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു.

അഞ്ച് അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌, കെദംപാടി പദവ് റോഡ്‌, സുങ്കദകട്ടെ മു ടിപ്പ് റോഡ്‌, കുറുട പദവ് റോഡ്‌, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ്‌ എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വരമംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌, നാട്ടക്കൽ സുള്ള്യപദവ് റോഡ്‌, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂർണമായി അടച്ചു.

തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്‌, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്‌, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടു. ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പൊലീസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധന നടത്തും. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.