LiveTV

Live

Kerala

കണ്ണൂരില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ബി.ജെ.പി നേതാവായ അധ്യാപകന്‍ ഒളിവില്‍

വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബി.ജെ.പി പ്രാദേശിക നേതാവും എന്‍.ടി.യു ജില്ലാ നേതാവുമാണ്

കണ്ണൂരില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു;  ബി.ജെ.പി നേതാവായ അധ്യാപകന്‍ ഒളിവില്‍

കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കൂടിയായ പത്മരാജനെതിരെയാണ് പൊലീസ് കേസെടുത്തത്. അധ്യാപകന്‍ ഒളിവിലാണന്നും ഇയാൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു

പാനൂരിനടുത്തുളള ഒരു എയ്ഡഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജനുവരി 15നാണ് വിദ്യാര്‍ഥിനി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണ അധ്യാപകന്‍ സ്കൂള്‍ ടോയ്‍ലറ്റില്‍ വെച്ച് പീഡിപ്പിച്ചതായും വിദ്യാര്‍ഥിനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥിനി സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പാനൂര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബി.ജെ.പി പ്രാദേശിക നേതാവും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ നേതാവുമാണ്.

ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു.