LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കാസർകോഡിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാൾ കരിപ്പൂര്‍ വിമാനം ഇറങ്ങി അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർഗോഡേക്കു പോയി. എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കോവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേർക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേർ എറണാകുളം, ആറു പേർ കാസർകോട്, ഒരാൾ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.

44,390 പേർ ഇപ്പോൾ സംസ്ഥാനത്തു നിരീക്ഷണത്തിലുണ്ട്. അതിൽ 44,165 പേർ വീടുകളിലാണ്. 225 പേർ ആശുപത്രിയിലാണ്. ഇന്നുമാത്രം 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3,436 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 12 പേർക്ക് രോഗം വന്നത് കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നാണു കാണിക്കുന്നത്.

കാസർകോടിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാൾ കരിപ്പൂര്‍ വിമാനം ഇറങ്ങി അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടെക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ഒരാഴ്ച ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നിലവിലുള്ള സ്ഥിതിയെ കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെ കാണുന്നുവെന്നതിനുള്ള സൂചനയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാര്‍ച്ച് 22ന്റെ ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. മെട്രോ അടക്കമുള്ള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും. അന്ന് വീടുകളിലെ പരിസരം പൂര്‍ണമായും ശുചീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.