LiveTV

Live

Kerala

മാഹിയിൽ കോവിഡ് പ്രതിരോധ ത്തിന് ഒരു കോടി രൂപ നൽകും: പുതുച്ചേരി മുഖ്യമന്ത്രി

മാഹി ജനറൽ ആശുപത്രിയിൽ വെൻറിലേറ്ററും മറ്റ് സൗകര്യങ്ങളും ഉടൻ ഒരുക്കുമെന്നും വി.നാരായണസ്വാമി

മാഹിയിൽ കോവിഡ് പ്രതിരോധ ത്തിന് ഒരു കോടി രൂപ നൽകും: പുതുച്ചേരി മുഖ്യമന്ത്രി

കോവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി. സാഹചര്യങ്ങൾ വിലയിരുത്താൻ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു. രോഗി സഞ്ചരിച്ച ട്രെയിനിലെ ടിക്കറ്റ് എക്സാമിനറോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

മാഹി ചാലക്കര സ്വദേശിനിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയും ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവും മാഹിയിലെത്തിയത്. ഇരുവരുടെയും നേതൃത്വത്തിൽ മാഹി റീജണൽ ഓഫീസിൽ നിന്ന യോഗം നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആദ്യ ഘട്ടത്തിൽ ഒരു കോടി രൂപ അനുവദിക്കുമെന്നും മാഹി ജനറൽ ആശുപത്രിയിൽ വെൻറിലേറ്ററും മറ്റ് സൗകര്യങ്ങളും ഉടൻ ഒരുക്കുമെന്നും വി.നാരായണസ്വാമി പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകരടങ്ങുന്ന 15 സംഘങ്ങളെ നാളെ മുതൽ രംഗത്തിറക്കാനും യോഗത്തിൽ തീരുമാനമായി. മാഹി എം.എൽ.എ, റീജിയണൽ അഡ്മിമിനിസ്ട്രേറ്റർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ മാഹിയിൽ മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ചാലക്കര സ്വദേശിനിയും അവരുടെ കൂടെയുണ്ടായിരുന്ന മകന്‍റെ ഭാര്യയുമാണ് നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം 142 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.