LiveTV

Live

Kerala

ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ മടങ്ങാനാവില്ല 

മലയാളികള്‍ ഉള്‍പ്പെടെ 95 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി വിമാനത്താവളത്തിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ മടങ്ങാനാവില്ല 

ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ മടങ്ങാനാവില്ല. യാത്രാവിലക്ക് തീരുന്നത് വരെ ഇന്ത്യയിലേക്ക് പോകാനാകില്ലെന്ന് വിമാനത്താവളത്തിലെത്തി ഇന്ത്യന്‍ എംബസി അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. നേരത്തെ ഇവരെ വിമാനത്താവളത്തിനുള്ളില്‍ നിന്ന് പുറത്താക്കുകയും പിന്നീട് തിരികെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

നാടകീയമായ രംഗങ്ങളാണ് മനിലയിലെ വിമാനത്താവളത്തില്‍ ഇന്ന് അരങ്ങേറിയത്. യാത്രാവിലക്കിനെ തുടര്‍ന്ന് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബോര്‍ഡിങ് പാസ് തിരികെ വാങ്ങി അപ്രതീക്ഷിതമായി നിനോയി അക്വിനോ വിമാനത്താവള അധികൃതര്‍ പുറത്താക്കി. തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ നേരം വിദ്യാര്‍ത്ഥികള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ തങ്ങി. പലരും പൊട്ടിക്കരഞ്ഞു.

അപ്പോഴും പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ മെയില്‍ ചെയ്യാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. അവസാനം വിമാനത്താവളത്തിന്റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാറ്റാന്‍ അധികൃതര്‍ തയ്യാറായി. അതിന് ശേഷവും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ എംബസി അധികൃതരെത്തി ഇന്ത്യ പ്രഖ്യാപിച്ച യാത്രാവിലക്ക് പൂര്‍ത്തിയാകുന്നത് വരെ മടങ്ങാനാകില്ലെന്ന് അറിയിച്ചത്. വിദ്യാര്‍ഥികളോട് മനിലയിലെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാനും നിര്‍ദേശിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച വിദ്യാര്‍ത്ഥികള്‍‌ നിരാശരായി.