LiveTV

Live

Kerala

കൂട്ട നമസ്കാരം ഒഴിവാക്കി കോഴിക്കോട്ടെ പള്ളികള്‍

പട്ടാള പള്ളി, പാളയം മുഹ് യുദ്ദീന്‍ പള്ളി, ലുഅ്‍ലുഅ് പള്ളി തുടങ്ങിയ കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളാണ് കൂട്ടനമസ്കാരം ഒഴിവാക്കിയത്.

കൂട്ട നമസ്കാരം ഒഴിവാക്കി കോഴിക്കോട്ടെ പള്ളികള്‍

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കോഴിക്കോട് പ്രധാന മുസ്‍ലിം പള്ളികളില്‍ കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കി. വിവിധ മഹല്ല് കമ്മറ്റികള്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. രോഗ ബാധ തടയാനായി പള്ളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.

പട്ടാള പള്ളി, പാളയം മുഹ് യുദ്ദീന്‍ പള്ളി, ലുഅ്‍ലുഅ് പള്ളി തുടങ്ങിയ കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളാണ് കൂട്ട നമസ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച നോട്ടീസുകള്‍ പള്ളികളില്‍ പതിച്ചു. സാഹചര്യം മോശമായാല്‍ പള്ളികള്‍ അടച്ചിടാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹല്ല് കമ്മറ്റികളുടെ നടപടിയെ പ്രശംസിച്ചു.

പള്ളികളില്‍ പ്രാര്‍ത്ഥനകളുടെ സമയം ചുരുക്കണമെന്ന നിര്‍ദേശം വഖഫ് ബോര്‍ഡ് മഹല്ല് കമ്മറ്റികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും വിദേശത്ത് നിന്നെത്തിയവരും പള്ളിയിലേക്ക് വരേണ്ടതില്ല. മതപ്രഭാഷണങ്ങളും സമ്മേളനങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും വഖഫ് ബോര്ഡ് ആവശ്യപ്പെട്ടു.

മതപരമായ ചടങ്ങുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥന ചടങ്ങുകളില്‍ പത്തു പേരില്‍ താഴെ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു.

ആരാധനാലയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.