LiveTV

Live

Kerala

കോഴിക്കോട് 4967 പേര്‍ നിരീക്ഷണത്തില്‍; കോവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി സഞ്ചരിച്ചത് മാസ്ക് ധരിച്ച്

1668 സ്ക്വാഡുകളെ പ്രതിരോധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

കോഴിക്കോട്  4967 പേര്‍ നിരീക്ഷണത്തില്‍; കോവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശി സഞ്ചരിച്ചത് മാസ്ക് ധരിച്ച്

കോഴിക്കോട് ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ക്വാഡുകളെ നിയോഗിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ 4967 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കോവിഡ് 19 ബാധിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സഞ്ചരിച്ചത് മാസ്ക് ധരിച്ചാണെന്ന് അധികൃതര്‍ കണ്ടെത്തി.

കോവിഡ് 19 ബാധ തടയാനായി ഊര്‍ജ്ജിത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. 1668 സ്ക്വാഡുകളെ പ്രതിരോധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. പൊലീസുകാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി 202 സ്ക്വാഡുകള്‍ പുതിയതായി രൂപീകരിച്ചു. അതേസമയം കോവിഡ് 19 ബാധിച്ച മാഹി സ്വദേശി ബീച്ച് ആശുപത്രിയില്‍ നിന്നും തിരികെ പോയ സമയത്ത് റൂട്ട് മാപ്പില്‍ പരാമര്‍ശിച്ച സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രോഗിയും കൂടെയുണ്ടായിരുന്നവരും മാസ്ക് ധരിച്ചാണ് യാത്ര ചെയ്തതെന്ന കണ്ടെത്തല്‍ ആശ്വാസകരമായി.

ജില്ലയില്‍ എട്ട് പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 116 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 108 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. എട്ടു പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.