LiveTV

Live

Kerala

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി: ഇബ്രാഹിംകുഞ്ഞിനെതിരെ ഇ.ഡി കേസെടുത്തു

കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നും എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി: ഇബ്രാഹിംകുഞ്ഞിനെതിരെ ഇ.ഡി കേസെടുത്തു

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റും കേസെടുത്തു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നും എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അഴിമതി പണമായ 10 കോടി ചന്ദ്രിക ദിന പത്രത്തിന്റെ അക്കൗണ്ടിലിട്ട് വെളുപ്പിച്ചെന്ന പരാതിയിൽ കേസ് എടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങി. കള്ള പണം സംബന്ധിച്ച പരാതി നിലനിൽക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അടുത്ത മാസം 7ന് റിപ്പോർട്ട്‌ നൽകാൻ ഇ.ഡിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. പാലാരിവട്ടം അഴിമതി കേസിന്റെ അന്വേഷണം സംബന്ധിച്ച് വിജിലൻസിനോടും കോടതി റിപ്പോർട്ട് തേടി. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ഡി.വൈ.എസ്.പി അടക്കമുള്ള രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത സാഹചര്യം എന്താണെന്നു വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

അഴിമതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണ സംഘം ഈ മാസം 9ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. എന്നാൽ പ്രതിയുടെ ഉന്നത സ്വാധീനത്താൽ അറസ്റ്റ് ഒഴിവാകുകയാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കേസിൽ പ്രതിയായ മുൻമന്ത്രി പൊതു പരിപാടിയിൽ പങ്കെടുക്കുകയാണ്. പ്രതിയുടെ അറസ്റ്റ് വൈകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് അട്ടിമറിക്കാനും കാരണമാകും. ഈ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.